ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്, വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാല്‍ ഭരദ്വാജ് ചിത്രത്തില്‍ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ നല്‍കിയത്. ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നിട്ടുണ്ട്. ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കണമെന്നാണ് കരുതുന്നതെന്നും ഫഹദ് അനുപമാ ചോപ്രയ്ക്കും ഭരദ്വാജ് രംഗനുമായി നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിശാല്‍ ഭരദ്വാജ് അയച്ചുതന്ന തിരക്കഥയില്‍ താല്പര്യം തോന്നിയിട്ടുണ്ട്, സിനിമ വൈകാതെ യാഥാര്‍ത്ഥ്യമാക്കൂ എന്നാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ബോളിവുഡില്‍ ഒരു ചിത്രം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കാത്തിരുന്നു കാണാമെന്നും ഫഹദ് പറയുന്നു.

2015 ല്‍ ഇറങ്ങിയ ‘പികു’ എന്ന ചിത്രം മികച്ചതായി തോന്നി, കഴിഞ്ഞ 10 വര്‍ഷത്തില്‍ ബോളിവുഡില്‍ സംഭവിച്ച വലിയ നേട്ടങ്ങളിലൊന്നാണ് ഈ ചിത്രമെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. മേഘ്ന ഗുല്‍സാര്‍, സോയ അക്തര്‍ തുടങ്ങിയ സംവിധായകരോടുളള തന്റെ ഇഷ്ടവും ഫഹദ് അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഫഹദ് ഫാസില്‍ പറഞ്ഞത്:

ഹിന്ദി ചിത്രം ചെയ്യാന്‍ മടിയുണ്ടാക്കുന്ന ഒരു കാര്യം ഭാഷയാണ്. മലയാളത്തില്‍ ഞാന്‍ ചെയ്ത സിനിമകള്‍ കണ്ട് മുംബൈയില്‍ നിന്നും മറ്റ് ഭാഷാ സിനിമകളില്‍ നിന്ന് ആളുകള്‍ വിളിക്കുന്നതാണ് ഞാന്‍ വലിയ കാര്യമായി കാണുന്നത്. 22 ഫിമെയില്‍ കോട്ടയം മലയാളത്തില്‍ അല്ലാതെ മറ്റൊരു ഭാഷയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. തൊണ്ടിമുതല്‍ പോലൊരു മലയാളം സിനിമ മറ്റൊരു ഭാഷയില്‍ നിന്ന് എനിക്ക് ലഭിക്കുമെന്ന് കരുതുന്നില്ല. എന്റെ സിനിമ ഇവിടെയാണ്, മലയാളത്തില്‍. മേഘ്‌നാ ഗുല്‍സാറിനെയും സോയാ അക്തറിനെയും ഇഷ്ടമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിറന്ന മികച്ച ഇന്ത്യന്‍ സിനിമകളിലൊന്നാണ് പികു. വിശാല്‍ ഭരദ്വാജ് സര്‍ അയച്ചുതന്ന സ്‌ക്രിപ്റ്റ് അതിമനോഹരമാണ്. അത് ചെയ്യാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏപ്രില്‍ റിലീസ് മാറ്റിവച്ച മഹേഷ് നാരായണന്‍ ചിത്രം മാലിക് ആണ് അടുത്തതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഫഹദ് ചിത്രം. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാലിക്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ സീ യു സൂണ്‍ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഫഹദ് ഫാസില്‍. റോഷന്‍ മാത്യു, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഐ ഫോണില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് സീ യു സൂണ്‍.

prp

Leave a Reply

*