തിരുവനന്തപുരം
നിയമസഭയില്‍ ബെല്ലും ബ്രേക്കും ഇല്ലാതെ പരമാര്‍ശം നടത്തിയശേഷം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
ബജറ്റ് ചര്‍ച്ചയിലാണ് മന്ത്രി എം ബി രാജേഷിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചത്. തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് പ്രതികരിച്ച് കണ്ടില്ലെന്നും പകരം കശ്മീരിലെ മഞ്ഞില്‍ നില്ക്കുന്ന ഫോട്ടോ മാത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും കഴിഞ്ഞദിവസം ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കവെ മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.
ചെയറിലിരുന്ന ആളാണ് ഇപ്പോള്‍ താഴെ ഇരിക്കുന്നതെന്നും അതിലും തറയാകരുതെന്നുമായിരുന്നു സതീശന് ഇതിനെതിരെ ബുധനാഴ്ച പറഞ്ഞത്. ഇക്കാര്യം ചോദ്യംചെയ്ത് എം ബി രാജേഷ് രംഗത്തെത്തി. ചെയറിലിരുന്ന് താന്‍ എന്തോ മോശം കാര്യങ്ങള്‍ ചെയ്തെന്ന നിലയിലാണ് പരാമര്‍ശമെന്നും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന ഉറപ്പ് ചെയറും നല്കി. തുടര്‍ന്നാണ് മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പിന്‍വലിക്കുന്നതായും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും സതീശന് വ്യക്തമാക്കിയത്.

