Beast Movie: വിജയ് ആരാധകര്‍ ഒരു വര്‍ഷത്തോളം കാത്തിരുന്ന ബീസ്റ്റ് തിയേറ്ററിലേക്ക് എത്തിയപ്പോള്‍ അതില്‍ പ്രധാനമായി പലരും കാത്തിരുന്നത് ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്ന് അറിയാനും കൂടിയാകും.
ബീസ്റ്റ് എന്ന ചിത്രത്തില്‍ ഷൈന്‍ ഉണ്ടാകുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഇതിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രം കണ്ടിറങ്ങിയവര്‍ നിരാശയിലാണ്.
ട്രെയിലര്‍ കണ്ട സമയത്ത് മുഖം മൂടിയണിഞ്ഞ വില്ലനാണോ ഷൈന്‍ തുടങ്ങി രസകരമായ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ ട്രെയിലര്‍ കണ്ട് തീയേറ്ററില്‍ പ്രതീക്ഷയോടെ ചിത്രത്തെ സമീപിച്ചവരാക്കെ നിരാശയിലാണ്. ഷൈനിന്റെ പ്രകടനം മികച്ചതാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. ഷൈനിനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നതാണ് ആരാധകരുടെ അഭിപ്രായം. ഷൈനിന് ലഭിച്ച വേഷം കഥയില്‍ വലിയ പ്രാധാന്യമില്ലാത്തതാണെന്നും സ്ക്രീന്‍ സ്പേസും വളരെ കുറവാണെന്നുമാണ് പ്രധാനമായും ആരാധകര്‍ കുറിക്കുന്നത്.
“ബീസ്റ്റ് ഡിസാസ്റ്റര്‍” എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ടോപ് ട്രെന്‍ഡിങ്ങാണ്. വിജയ് ആരാധകര്‍ക്കും ചിത്രം സംതൃപ്തി നല്‍കിയിട്ടില്ലെന്നാണ് വിമര്‍ശനം. കാത്തിരുന്ന ചിത്രത്തില്‍ വിജയ് ആരാധകര്‍ക്കായി ഒന്നും തന്നെ ചിത്രം സമ്മാനിക്കുന്നില്ലെന്നു അഭിപ്രായങ്ങള്‍ ഉയരുന്നു. നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് സ്നേഹോപദേശങ്ങളും നിറയുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി റോളുകള്‍ തിരഞ്ഞെടുക്കണമെന്നും ഇങ്ങനെയുള്ള ചിത്രങ്ങളില്‍ തല വയ്ക്കരുതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 13നാണ് ചിത്രം ലോകമെമ്ബാടുമുള്ള തീയേറ്ററില്‍ റിലീസായത്. സമ്മിശ്ര അഭിപ്രായങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. വിജയുടെ 65-ആം ചിത്രമാണ് ബീസ്റ്റ്. ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണിത്. പൂജ ഹെഗ്ഡെ, അപര്‍ണ ദാസ്, യോഗി ബാബു, റെഡിന് കിങ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

