
വാഷിങ്ടണ്‍: സ്കൂള്‍ കാലത്ത് വംശീയമായി പരിഹസിച്ച സഹപാഠിയുടെ മൂക്ക് ഇടിച്ചു തകര്‍ത്തതിനെ കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനുമായുള്ള സ്പോട്ടിഫൈ പോഡ്കാസ്റ്റിലാണ് ഒബാമ കുട്ടിക്കാലത്തുള്ള സംഭവത്തെ കുറിച്ച് പറഞ്ഞത്.
സംഭവത്തെ കുറിച്ച് ഒബാമയുടെ വാക്കുകള്‍ ഇങ്ങനെ, “സ്കൂള്‍ പഠനകാലത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങളൊന്നിച്ചായിരുന്നു ബാസ്കറ്റ് ബോള്‍ കളിച്ചിരുന്നത്. ഒരിക്കല്‍ ഞങ്ങള്‍ തമ്മില്‍ അടിയുണ്ടായി. ഇതിനിടയില്‍ അവന്‍ എന്നെ ഒരു വാക്ക് വിളിച്ചു. അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലെങ്കിലും ആ വാക്ക് വിളിച്ചാല്‍ എന്നെ വേദനിപ്പിക്കാമെന്ന് അവനറിയാം.” കൂട്ടുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്താണ് താന്‍ പ്രതികരിച്ചതെന്ന് ഒബാമ പറയുന്നു. ഒബാമയുടെ വാക്കുകള്‍ക്ക് വെല്‍ഡണ്‍ എന്ന മറുപടിയാണ് സ്പ്രിങ്സ്റ്റീന്‍ നല്‍കിയത്. തന്നെ ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത് എന്ന താക്കീതും കൂട്ടുകാരന് നല്‍കിയെന്ന് ഒബാമ പറയുന്നു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവത്തെ പറ്റി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി സംസാരിക്കുന്നത്.
തിങ്കളാഴ്ച്ചയാണ് “Renegades” സ്പ്രിങ്സ്റ്റീനുമായുള്ള ഒബാമയുടെ പോഡ്കാസ്റ്റ് പുറത്തിറങ്ങിയത്. ഒരാളേക്കാള്‍ മുകളിലാണ് മറ്റൊരാളുടെ സ്ഥാനം എന്ന തോന്നലില്‍ നിന്നാണ് വംശീയാധിക്ഷേപം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.
“ഞാന്‍ ദരിദ്രനായിരിക്കാം, വിവരമില്ലാത്തയാളാവാം, നിന്ദ്യനാകാം, വൃത്തികെട്ടവനാകാം, എനിക്ക് എന്നെ തന്നെ ഇഷ്ടമല്ലായിരിക്കാം, അസന്തുഷ്ടനായിരിക്കാം, പക്ഷേ, ഞാന്‍ എന്തല്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ?” ഒബാമ പറയുന്നു, “ഞാന്‍ നിങ്ങളല്ല”
‘അവരെ മുതലെടുക്കുക, വഞ്ചിക്കുക,’ കവര്‍ച്ച നടത്തുക, കൊല്ലുക, ബലാത്സംഗം ചെയ്യുക’, തുടങ്ങി ഒരാളോട് മനുഷ്യത്വവിരുദ്ധമായി പെരുമാറുന്നതിനെ ന്യായീകരിക്കാനുള്ള സ്ഥാപിത മനശാസ്ത്രമാണിത്. ഒബാമ പറയുന്നു.
അമേരിക്കയുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്നു ബരാക് ഒബാമ. തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ പ്രസിഡന്റുമായിരുന്നു ഒബാമ.

