സര്‍ക്കാര്‍ നടപടി ആരംഭിച്ചശേഷം ദിനേന രണ്ടും മൂന്നും ആളുകള്‍ വീതം ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ചോദിച്ചുവരുന്ന കാര്യം കാല്‍ഗാച്ചിയയിലെ ഒരു ഫാര്‍മസിസ്റ്റാണ് വെളിപ്പെടുത്തിയത്.ഗര്‍ഭഛിദ്രത്തിന് സഹായം തേടി നിരവധിപേര്‍ എത്തിയതായി ബാര്‍പെട്ട സിവില്‍ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് സക്കീര്‍ ഹുസൈന് പറയുന്നു. പൊലീസിനെ ഭയന്ന് ആശുപത്രിയില്‍ വരാന്‍ മടിക്കുന്ന പലരും അശാസ്ത്രീയവും അപകടകരവുമായ മാര്‍ഗങ്ങളിലൂടെ ഗര്‍ഭഛിദ്രവും പ്രസവവും നടത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു
അസമിലെ ബാര്‍പെട്ട ജില്ലയിലുള്ള കാല്ഗച്ചിയയില് താമസിക്കുന്ന സകീനയും 17 വയസ്സുകാരി മരുമകള്‍ റുഖ്സാനയും ഒരാഴ്ചയായി ഉറങ്ങിയിട്ടില്ല. ജില്ല ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രായപൂര്‍ത്തിയാവാത്ത ഗര്‍ഭിണികളുടെ ലിസ്റ്റില്‍ റുഖ്സാനയുടെ പേരുണ്ട് എന്നതു തന്നെ കാരണം. ഗര്‍ഭിണിയുടെ പേരും പ്രായവും, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പേരുവിവരങ്ങള്‍, വീട്ടുമേല്‍വിലാസം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ആ പട്ടിക ഈ കുടുംബത്തിന് മാത്രമല്ല ആ ചെറുഗ്രാമത്തിലാകമാനം ഭീതി പടര്‍ത്തിയിട്ടുണ്ട്. ഏതു സമയവും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെേട്ടക്കാം എന്നാണ് അവരുടെ ആശങ്ക. ശൈശവ വിവാഹത്തിനെതിരെ എന്ന പേരില്‍ ഈ മാസം ആദ്യവാരം സര്‍ക്കാര്‍ തുടക്കമിട്ട നടപടികളുടെ ഭാഗമായി മൂവായിരത്തോളം പേരാണ് അസമില്‍ ഇതിനകം പിടിയിലായത്.
2021ലെ ശൈത്യകാലത്ത് വീടുവിട്ടിറങ്ങി ആണ്‍സുഹൃത്തിനൊപ്പം വന്നതാണ് റുഖ്സാന. അദ്ദേഹം മഹാരാഷ്ട്രയിലെവിടെയോ ദിവസവേതനത്തിന് ജോലി ചെയ്യുകയാണ്. റുഖ്സാനയുടെ കാര്യങ്ങള്‍ നോക്കുന്നതും ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമെല്ലാം ഭര്തൃമാതാവായിരുന്നു. പക്ഷേ, ലിസ്റ്റ് പുറത്തുവരുകയും പൊലീസ് നടപടികള്‍ തുടങ്ങുകയും ചെയ്തതോടെ വീടുവിട്ട് പുറത്തിറങ്ങാനുള്ള ധൈര്യമവര്ക്കില്ല. ഫെബ്രുവരി എട്ടിന് പരിശോധനക്ക് ചെല്ലാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നതാണ്. ടി.വിയില്‍ കണ്ടതുപോലെ, തങ്ങളെയും അറസ്റ്റ് ചെയ്യുമോ എന്നു ഭയന്ന് പോയില്ലെന്ന് പറയുന്നു സകീന.
അസമില്‍ എവിടെയും ഇപ്പോള്‍ ഇതുതന്നെ സ്ഥിതി. ഗര്‍ഭിണികള്‍ പരിശോധനക്ക് പോകുന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ ആരോഗ്യാവസ്ഥ ആശാ വര്‍ക്കര്‍മാരുമായി പങ്കുവെക്കാന്‍പോലും അവര്‍ കൂട്ടാക്കുന്നില്ല. പരിശോധനക്ക് വരുന്നവരുടെ എണ്ണത്തില്‍ പൊടുന്നനെ കുറവുണ്ടായെന്ന് ബാര്‍പെട്ട സിവില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. നസീറുല് ഇസ്ലാമും സമീപപ്രദേശമായ ഗോല്‍പാറയിലെ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരി മൂന്ന് വരെ ദിനേന 60-65 പേര് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏകദേശം പകുതിയായി.
ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ. ഈ മാസം അഞ്ചിന് ബൊംഗയ്ഗാവ് ജില്ലയിലെ വീട്ടില്‍ പ്രസവത്തിനിടെ 17കാരി മരണപ്പെട്ട സംഭവവുമുണ്ടായി. അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്താല്‍ പെണ്‍കുട്ടിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വീട്ടുകാര്‍ കൂട്ടാക്കിയില്ലെന്നും ജീവന് നഷ്ടപ്പെട്ട ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ്, ഭര്‍ത്താവ്, ഭര്‍തൃപിതാവ് ഉള്‍പ്പെടെ അഞ്ചുപേരെ പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവും ചുമത്തി അറസ്റ്റിലാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്ന ബാര്‍പെട്ടയില്‍ പ്രായപൂര്‍ത്തിയായ പല ഗര്‍ഭിണികളെയും പുറം ലോകം അറിയാത്തവിധം ഒളിപ്പിച്ച് പാര്‍പ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍. പൊലീസ് നടപടി ഭയന്ന് ഭര്ത്താക്കന്മാര് നാടുവിട്ട് പോകുന്നു.
സര്‍ക്കാര്‍ നടപടിയിലും നിര്‍ദേശങ്ങളിലും കൃത്യതയില്ലാത്തതിനാല്‍ 18 തികയാത്ത ഗര്‍ഭിണികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യകേന്ദ്രം ജീവനക്കാര്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യുന്നതോടെ അവരുടെ പ്രായവും മറ്റു വിവരങ്ങളും പുറത്തറിയും. പൊലീസ് നടപടിയുടെ പേരില്‍ പലരും പഴി പറയുന്നത് ആശാ വര്ക്കര്മാരെയാണുതാനും. ഈയിടെ ഒരു ആരോഗ്യ സര്‍വേക്ക് ചെന്ന ആശാ വര്‍ക്കര്‍മാരോട് ജനങ്ങള്‍ സഹകരിക്കാന്‍ കൂട്ടാക്കിയില്ല. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ മാതൃശിശു ആരോഗ്യ പരിരക്ഷയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. ഗര്‍ഭിണിയുടെ ആരോഗ്യം, പരിശോധനകള്‍, ആശുപത്രിയിലുള്ള പ്രസവം എന്നിവയെല്ലാം ഉറപ്പാക്കുന്നത് അവരാണ്. അവരില്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ വലിയ സാമൂഹിക-ആരോഗ്യ പ്രത്യാഘാതങ്ങളാണ് സംജാതമാവുക.
പൊലീസ് നടപടി ഭയന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ പ്രസവം നടത്തിയതുപോലെ ഗര്‍ഭം അലസിപ്പിക്കാനും മാര്‍ഗം തേടുന്നുണ്ട് പലരും. സര്‍ക്കാര്‍ നടപടി ആരംഭിച്ചശേഷം ദിനേന രണ്ടും മൂന്നും ആളുകള്‍ വീതം ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ചോദിച്ചുവരുന്ന കാര്യം കാല്‍ഗാച്ചിയയിലെ ഒരു ഫാര്‍മസിസ്റ്റാണ് വെളിപ്പെടുത്തിയത്. ഗുളികകൊണ്ട് സാധ്യമല്ലാത്ത അബോര്‍ഷനുകള്‍ ചില ഡോക്ടര്‍മാര്‍ പണം വാങ്ങി ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. ഗര്‍ഭഛിദ്രത്തിന് സഹായം തേടി നിരവധിപേര്‍ എത്തിയതായി ബാര്‍പെട്ട സിവില്‍ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് സക്കീര്‍ ഹുസൈന് പറയുന്നു. പൊലീസിനെ ഭയന്ന് ആശുപത്രിയില്‍ വരാന്‍ മടിക്കുന്ന പലരും അശാസ്ത്രീയവും അപകടകരവുമായ മാര്‍ഗങ്ങളിലൂടെ ഗര്‍ഭഛിദ്രവും പ്രസവവും നടത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
സര്‍ക്കാര്‍ ലക്ഷ്യമിടുന്നതുപോലെ മാതൃ-ശിശു മരണനിരക്ക് കുറക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. പക്ഷേ, ഗര്‍ഭിണികള്‍ ആശുപത്രിയില്‍ വരാന്‍ കൂട്ടാക്കാതായാല്‍ വിപരീത ഫലമാണ് സൃഷ്ടിക്കപ്പെടുക -ഡോ. ഇസ്ലാം പറയുന്നു.
*സ്വകാര്യത സംരക്ഷിക്കാന്‍ പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്

