ഒരുമാസം മുന്‍പാണ് രണ്ട് പെണ്‍കുട്ടികള്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി എന്നെ വന്ന് കണ്ടത്, വെളിപ്പെടുത്തലുമായി തിരുവനന്തപുരം മേയര്‍

വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇന്നലെ രാത്രി എട്ടോടെ അധികൃതര്‍ പരിശോധന നടത്തി സാമ്ബിള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ മേയര്‍ വെളിപ്പെടുത്തി. ഒരു മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികള്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി തന്നെ വന്നു കണ്ടുവെന്നും, ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച്‌ അസുഖം വന്നതായി പരാതി പെട്ടതായും മേയറോട് പരാതി പറയുന്നതിനാണ് പെണ്‍കുട്ടികള്‍ എത്തിയത്. ഇതിന് പിന്നാലെ ഹോസ്റ്റലില്‍ പരിശോധന നടത്തിയിരുന്നുവെന്നും മേയര്‍ അറിയിച്ചു.

സ്വന്തം വീട് വിട്ട് പഠനത്തിനും തൊഴിലെടുക്കാനും വേണ്ടി നഗരത്തില്‍ വരുന്നവര്‍ക്ക് താമസസൗകര്യത്തിന് നടത്തുന്ന ഇത്തരം ഹോസ്റ്റലുകള്‍ അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ അലംഭാവം കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. മനുഷ്യജീവന്‍ വച്ച്‌ പന്താടാന്‍ ഒരാളെയും അനുവദിക്കാനാകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മേയര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന YWCA യുടെ ഹോസ്റ്റലില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടി നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി. ഒരുമാസം മുന്‍പാണ് രണ്ട് പെണ്‍കുട്ടികള്‍ ഡോക്ടറുടെ കുറിപ്പടിയോടുകൂടി എന്നെ വന്ന് കണ്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായെന്നായിരുന്നു പരാതി. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ ഹോസ്റ്റലില്‍പരിശോധന നടത്തിയിരുന്നു. അന്ന് കണ്ടെത്തിയ ചില ഗുരുതരമായ വീഴ്ചകള്‍ അടിയന്തിരമായി ശരിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശത്തോടെ നോട്ടീസ് നല്‍കുകയും, അതിന്റെ റിപോര്‍ട്ട് നഗരസഭയ്ക്ക് നല്‍കാനും നോട്ടീസ് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് തരുന്നതില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ അലംഭാവം കാണിക്കുകയാണ് ഉണ്ടായത്. അതിനെത്തുടര്‍ന്നാണ് ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് ഹോസ്റ്റല്‍ ക്യാന്റീനില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ഇന്നത്തെ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തുകയും, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. കുടിവെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. നഗരസഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായല്ല ഹോസ്റ്റലിന്റെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായി പാലിക്കേണ്ട ശുചിത്വ പരിപാലന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന കാര്യം ഇന്നത്തെ പരിശോധനയില്‍ വ്യക്തമായി. കുടിവെള്ളത്തിന്റെ പരിശോധന ഫലം കിട്ടിയാലുടന്‍ ക്യാന്റീന്‍ നടത്തിപ്പിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റ് ഹോസ്റ്റല്‍ കാന്റീനുകളിലും പരിശോധന വ്യാപിപ്പിക്കും.

സ്വന്തം വീട് വിട്ട് പഠനത്തിനും തൊഴിലെടുക്കാനും വേണ്ടി നഗരത്തില്‍ വരുന്നവര്‍ക്ക് താമസസൗകര്യത്തിന് നടത്തുന്ന ഇത്തരം ഹോസ്റ്റലുകള്‍ അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ അലംഭാവം കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. വീട്ടിലെ ഭക്ഷണം നല്‍കിയിലെങ്കിലും വൃത്തിയുള്ള ഭക്ഷണം ഓരോരുത്തരുടെയും അവകാശമാണ്. ലാഭേച്ഛയോടെയും അലംഭാവത്തോടെയും കൂടി മാത്രം ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ട് വീഴ്ചയില്ലാതെ നടപടി എടുക്കും. മനുഷ്യജീവന്‍ വച്ച്‌ പന്താടാന്‍ ഒരാളെയും അനുവദിക്കാനാകില്ല.

prp

Leave a Reply

*