ഒടുവില്‍ ആപ്പിള്‍ കടുംപിടുത്തം അവസാനിപ്പിക്കുന്നു. ഐഫോണുകളില്‍ യു.എസ്.ബി ടൈപ്-സി ചാര്‍ജിങ് പോര്‍ട്ട് കൊണ്ടുവരുമെന്ന് ആപ്പിള്‍ തന്നെ അറിയിച്ചിരിക്കുകയാണ്.
‘ദ വാള്‍സ്ട്രീറ്റ് ജേര്‍ണ’ലിന് നല്‍കിയ അഭിമുഖത്തില്‍ ആപ്പിള്‍ മാര്‍കറ്റിങ് തലവനായ ഗ്രെഗ് ജോസ്‍വിയാകാണ് ഐഫോണുകളിലെ ലൈറ്റ്നിങ് പോര്‍ട്ടുകള്‍ ഒഴിവാക്കി പകരം ടൈപ്-സി എത്തിക്കുമെന്ന് പറഞ്ഞത്. ഈ നീക്കത്തില്‍ തന്റെ ടീമിലെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പോലും അത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഭിമുഖത്തില്‍ സോഫ്‌റ്റ്‌വെയര്‍ വിഭാഗം വൈസ് പ്രസിഡന്റായ ക്രെയ്ഗ് ഫെഡറിഗിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പുതിയ മാറ്റം എപ്പോള്‍ സംഭവിക്കുമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ യുറോപ്യന്‍ യൂണിയന്‍ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഒരൊറ്റ ചാര്‍ജിങ് പോര്‍ട്ടെന്ന നയത്തിന് അംഗീകാരം നല്‍കിയിരുന്നു. അതിനെതിരെ ആപ്പിള്‍ രംഗത്തുവന്നിരുന്നെങ്കിലും ഇ.യു വകവെച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, കാമറ എന്നിവക്കെല്ലാം 2024 മുതല്‍ ഒരു ചാര്‍ജിങ് പോര്‍ട്ട് മാത്രം മതിയെന്നാണ് ഉത്തരവ്. ടൈപ്പ് സി പോര്‍ട്ട് ഉപയോഗിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിയമനിര്‍മ്മാതാക്കളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും തേര്‍ഡ് പാര്‍ട്ടി ഹാര്‍ഡ്‌വെയര്‍ സ്വീകരിക്കുന്നതിനുപകരം സ്വന്തം വഴിക്ക് പോകാനും തങ്ങളുടെ എഞ്ചിനീയര്‍മാരില്‍ വിശ്വാസം അര്‍പ്പിക്കാനുമുള്ള ആപ്പിളിന്റെ സമര്‍പ്പണ ബോധത്തെ കുറിച്ച് കമ്ബനിയുടെ എക്സിക്യൂട്ടീവ് വാചാലനായി.
പുതിയ കേബിളുകള്‍ വാങ്ങാനും പഴയവ ഉപേക്ഷിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനാല്‍ യുഎസ്ബി-സിയിലേക്ക് മാറുന്നത് ധാരാളം ഇ-മാലിന്യം സൃഷ്ടിക്കുമെന്നും ചാര്‍ജിങ് ബ്രിക്കുകളില്‍ നിന്ന് കേബിളുകള്‍ വേര്‍പ്പെടുത്താവുന്ന സംവിധാനമുള്ള ഇക്കാലത്ത് യഥാര്‍ഥത്തില്‍ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നും ആപ്പിള്‍ മാര്‍ക്കറ്റിങ് ഹെഡ് അവകാശപ്പെട്ടു.

