
ഭോപ്പാല്‍ | ദൃഢനിശ്ചയത്തോടെ പോരാടിയാല്‍ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ആഗ്രഹിച്ചത് നേടാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചല്‍ ഗംഗ്വാള്‍. ഭോപ്പാലിലെ ചായവില്‍പ്പനക്കാരന്റെ മകളായ ഇവര്‍ വ്യോമസേനാ പൈലറ്റായാണ് ജോലിയില്‍ പ്രവേശിച്ചത്.
എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ ഒപ്പമുണ്ടാകുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു ആഞ്ചലിന്റെ ഈ നിശ്ചയദാര്‍ഢ്യം. കേദാര്‍നാഥ് ദുരന്തസമയത്ത് സേന നടത്തിയ രക്ഷാദൗത്യം കണ്ടത് മുതലാണ് ആഞ്ചലിന്റെ മനസ്സില്‍ സേനയില്‍ ചേരണമെന്ന ആഗ്രഹമുണ്ടാകുന്നത്. 25 വര്‍ഷമായി ചായവില്‍പ്പന നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന തന്റെ പിതാവിന്റെ വരുമാനത്തില്‍ നിന്ന് ഇത്രയും വലിയ ഉയരത്തിലെത്താന്‍ കൈമുതലായത് ദൃഢനിശ്ചയം മാത്രമാണ്.
പഠനത്തില്‍ സമര്‍ഥയായ ആഞ്ചലിനെ സ്‌കൂളില്‍ വിടാതിരിക്കാന്‍ പിതാവ് സുരേഷ് ഗംഗ്വാളിനായില്ല. കടം വാങ്ങിയും അധികജോലി ചെയ്തും പഠനത്തിനായി പണം കണ്ടെത്തി. വീട്ടില്‍ നിന്നുള്ള ഈ പിന്തുണ മാത്രം മതിയായിരുന്നു ആഞ്ചലിന് തന്റെ സ്വപ്‌നത്തിലെത്താന്‍.
‘ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായിരുന്നു ഇത്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാരെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല എന്ന വിഷമം മാത്രമേയുള്ളൂ. എന്നാലും സുഹൃത്ത് വഴി ഓണ്‍ലൈനിലൂടെ ലൈവായി കാണാന്‍ അവര്‍ക്ക് സാധിച്ചു’. വ്യോമസേനയില്‍ പ്രവേശിച്ച നിമിഷത്തെക്കുറിച്ച് ആഞ്ചല്‍ ഗംഗ്വാള്‍ പ്രതികരിച്ചു.
