1997ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രം ‘ലേലം’ രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുന്നു. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം രണ്ടാം വരവിനൊരുങ്ങുന്ന വിവരം ഉറപ്പു നല്‍കുന്നത് മറ്റാരുമല്ല, നായകന്‍ ആനക്കാട്ടില്‍ ചാക്കോച്ചി തന്നെ; സുരേഷ് ഗോപി. രണ്ടാം ഭാഗത്തിന് രണ്‍ജി പണിക്കര്‍ സ്ക്രിപ്റ്റ് എഴുതും.
ആദ്യ സംവിധാന സംരംഭം ‘കസബ’ക്ക് മുന്‍പ് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജില്‍ കുറിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ലേലം രണ്ടാം ഭാഗം ഒരുങ്ങുമ്ബോള്‍, പല പ്രധാന കഥാപാത്രങ്ങളെയും അനശ്വരമാക്കിയ അഭിനേതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന് സുരേഷ് ഗോപിയുടെ അച്ഛന്‍ കഥാപാത്രം ചെയ്ത എം.ജി. സോമന്‍, എന്‍.എഫ്. വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ, കെ.പി.എ.സി. അസീസ്, സത്താര്‍, സുബൈര്‍, ജഗന്നാഥ വര്‍മ്മ എന്നിവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.
ഈ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിയാണ്.
നിലവില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഹെെറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ 250-ാം ചിത്രമായ മാസ് പടം ‘ഒറ്റക്കൊമ്ബന്‍’ എന്ന ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നു.

