കൊച്ചി: തിരുവല്ല ഇലന്തൂരില്‍ നരബലിക്കിരയായവരില്‍ ഒരാള്‍ തന്‍റെ അമ്മയാണെന്ന യാഥാര്‍ഥ്യത്തിന്‍റെ തീരാവേദനയിലാണ് കൊല്ലപ്പെട്ട പത്മത്തിന്‍റെ മകന്‍ സെല്‍വരാജ്.
അമ്മയെ കാണാതായി പരാതി നല്‍കി കാത്തിരിക്കുമ്ബോഴാണ് ക്രൂരകൃത്യത്തിന്‍റെ വാര്‍ത്തകള്‍ വരുന്നത്. തമിഴ്നാട് സ്വദേശിയായ പത്മം ഏറെയായി എറണാകുളം പൊന്നുരുന്നി പഞ്ചവടി കോളനിയിലായിരുന്നു താമസം. ലോട്ടറിക്കച്ചവടമായിരുന്നു തൊഴില്‍.
സ്ഥിരമായി ഫോണ്‍ വിളിക്കാറുണ്ടായിരുന്ന അമ്മ കഴിഞ്ഞ 26 മുതല്‍ വിളിക്കാതായി. ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ സെല്‍വരാജ് പിറ്റേന്ന് തന്നെ കൊച്ചിയിലെത്തി. അമ്മയെ അന്വേഷിച്ച് കണ്ടെത്താതായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
പൊലീസിന്‍റെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. തിരുവല്ല ഇലന്തൂര്‍ കുഴിക്കാലയില്‍ ഭഗവന്ത് സിങ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞു.
പത്മത്തെയും റോസ്ലിന്‍ എന്ന സ്ത്രീയേയുമാണ് ഇവര്‍ നരബലി നല്‍കിയത്. ഐശ്വര്യവും സമൃദ്ധിയും വരുമെന്ന ധാരണയുടെ ഭാഗമായായിരുന്നു ക്രൂരകൃത്യം. പത്മത്തെ തേടിയുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. തുടര്‍ന്നാണ് റോസ്ലിനെയും ഇത്തരത്തില്‍ കൊലചെയ്ത കാര്യം വെളിപ്പെട്ടത്.

