പൃഥ്വി ഇന്ദ്രന്‍ ജയസൂര്യ : നാദിര്‍ഷാ !

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഒരു സിനിമ എങ്ങനെയിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഒരു മുന്‍ ധാരണയുണ്ടാകും. കാരണം, നാദിര്‍ഷാ എന്ന കലാകാരന്‍ കോമഡി-പാരഡി വഴികളിലൂടെ ചിരിയുടെ വെടിക്കെട്ടുമായി മലയാളികള്‍ക്കൊപ്പം നടന്നു വന്നയാളാണ്. മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയ ആളാണ്. അതുകൊണ്ടുതന്നെ, നാദിര്‍ഷാ എന്നു കേള്‍ക്കുമ്പോള്‍, നാദിര്‍ഷായുടെ കൈയ്യോട്ടം സ്പര്‍ശിച്ച ഒരു കലാസൃഷ്ടിയെന്നു കേള്‍ക്കുമ്പോള്‍, ആസ്വാദകര്‍ക്ക് ഒരു പ്രതീക്ഷയുണ്ടാവുക സ്വഭാവികം. ആ പ്രതീക്ഷകളെയും മുന്‍ധാരണകളെയും എല്ലാ അര്‍ത്ഥത്തിലും ശരിവയ്ക്കുന്ന ചിത്രമാണ് ‘അമര്‍ അക്ബര്‍ ആന്റണി’.

maxresdefault

ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതരീതികളെ ‘കെട്ടുപൊട്ടിയ പട്ടം പോലെ’എന്ന പ്രയോഗം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിമാരുടെ ജീവിതലക്ഷ്യം, ഒരു ലക്ഷ്യവുമില്ലാത്ത കെട്ടു പൊട്ടിയ പട്ടത്തിനേക്കാള്‍ കെട്ടു പൊട്ടിയ സംഗതിയാണ്. ലക്ഷ്യത്തിലെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളും അതിനിടെ നേരിടുന്ന തിരിച്ചടികളും, ജീവിതത്തെ നിസ്സാരമായിക്കാണുന്ന അടിപൊളി പിള്ളേര്‍ക്കുള്ള സന്ദേശവും ഒക്കെ ചേര്‍ന്നതാണീ സിനിമ.15-1431695480-meet-amar-akbar-anthony

പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കോമഡി നന്നായി കൈയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ അമര്‍, മുന്‍പ് ചെയ്ത ടൈപ്പ് വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഇന്ദ്രജിത്ത് ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ തനിക്കുള്ള വൈഭവം മുന്‍പേ തെളിയിച്ചിട്ടുള്ളതാണ്. ജയസൂര്യയുടെ കത്തുന്ന പ്രകടനം എടുത്തു പറയേണ്ടതു തന്നെ. പോളിയോ ബാധിച്ച വികലാംഗനായ ചെറുപ്പക്കാരനായി ജയസൂര്യ തകര്‍ത്തഭിനയിച്ചു.
നായകന്മാരുടെ എണ്ണം കൂടുമ്പോള്‍ നായികയ്ക്കു പ്രാധാന്യം കൂടേണ്ടതാണ്. എന്നാല്‍ അതിനു വിപരീതമായി Namitha-Pramod7-960x509നമിതാ പ്രമോദിന് ഈ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയി. തിരക്കഥയുടെ മുറുക്കക്കുറവാകാം ഒരു പക്ഷേ അതിനു കാരണം. രമേഷ് പിഷാരടി, സിദ്ദിഖ്, അബു സലിം, കലിംഗ ശശി, കെ.പി.എ.സി. ലളിത, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജി ബാലിന്റേതാണ് പശ്ചാത്തല സംഗീതം.
മൂന്നു നായകനടന്മാരുടെ സാന്നിദ്ധ്യം സംവിധായകനെയും വിഷമിപ്പിച്ചിട്ടുണ്ട്. അക്കാര്യം പ്രേക്ഷകര്‍ക്കു ഫീല്‍ ചെയ്യുന്നുമുണ്ട്. കഥയില്‍ വലിയ പുതുമ അവകാശപ്പെടാനില്ലെങ്കിലും ക്‌ളൈമാക്‌സ് തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്.
അമിത പ്രതീക്ഷകളൊന്നുമില്ലാതെ ഹാസ്യപ്രാധാന്യമുള്ള ഒരു സിനിമ ആഗ്രഹിക്കുന്നവരെ അമറും അക്ബറും ആന്റണിയും നിരാശപ്പെടുത്തുകയില്ല.

By: കെ.ജയചന്ദ്രന്‍

content courtesy: http://cinemapathram.com/
prp

Leave a Reply

*