ആലുവ: മുട്ടത്ത് കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയിലിന്‍റെ തൂണിലിടിച്ച് അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്.
ഇന്ന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ചന്ദ്രന്‍റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു.
രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുണ്‍ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും.

