ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍; രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം, രോഗവ്യാപനം തടയാനാണ് ശ്രമമെന്നും കെ.കെ. ശൈലജ

തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വരുന്ന ആളുകളില്‍ നിന്നും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാനത്തിലെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ കൂടുതലായി എടുത്തിട്ടിട്ടുണ്ട്. ഇതിനാവശ്യമുള്ള സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച ഖദീജയുടെ ആരോഗ്യനില നാട്ടിലെത്തിയപ്പോള്‍ തന്നെ മോശമായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മെയ് ഏഴ് മുതലാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. കൊറോണ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗം നിയന്ത്രണാതീതമായി പകരാതിരിക്കാനാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ നിരീക്ഷിച്ച്‌ രോഗബാധിതരെ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. ഇതിനായി കര്‍ശന പരിശോധനകള്‍ നടത്തണം. റെഡ് സോണില്‍ നിന്നും മറ്റും ആരോടും വരേണ്ടെന്ന് പറയില്ല. എന്നാല്‍ ഇവരെ കര്‍ശ്ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*