കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തിലെ നിര്ണായക വിവരങ്ങള് പുറത്ത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് നവംബര് 22ന് സമര്പ്പിച്ച കുറ്റപത്രത്തിലെ കൂടുതല് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ ദിലീപിന്റെ പങ്ക് വെളിവാക്കുന്ന സൂചന നല്കിയത് നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില് പറയുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇതില് വ്യക്തമാക്കുന്നു. കൊച്ചിയില് താരസംഘടന അമ്മ സംഘടിപ്പിച്ച താരനിശയ്ക്കിടെയായിരുന്നു ദീലീപിന്റെ ഭീഷണി. ഇക്കാര്യങ്ങള് പൊലീസിനെ അറിയിച്ചത് നടിയുടെ സഹോദരനായിരുന്നു.
പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില് നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉള്പ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയില് കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തില് പറയുന്നു.

