ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിന്‍്റെ സ്വന്തം കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് 13 വര്‍ഷം.
2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനല്‍കിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിന്‍ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവച്ചു പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല.
നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിന്‍ ഹനീഫയുടെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങള്‍ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എല്‍ദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിന്‍ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍. പറക്കും തളികയിലെ ഇന്‍സ്‌പെക്ടര്‍ വീരപ്പന്‍ കുറുപ്പിനെയും പുലിവാല്‍ക്കല്ല്യാണത്തിലെ ടാക്‌സി ഡ്രൈവറെയുമൊക്കെ എങ്ങനെയാണ് മലയാളികള്‍ക്ക് മറക്കാനാവുക?
കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ച ഹനീഫ ബോട്ടണി ബിരുദധാരിയാണ്. സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെയും കോളേജിലെയും വിദ്യാഭ്യാസ കാലത്ത് മോണോ ആക്ടിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാളസിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് ഈ പ്രതിഭ വേഷമിട്ടത്. മലയാളികള്‍ക്ക് മുന്നില്‍ കൊച്ചിന്‍ ഹനീഫയായി തിളങ്ങി നില്‍ക്കുമ്ബോള്‍ തമിഴ്‌നാട്ടുകാരുടെ സ്വന്തം വി.എം.സി ഹനീഫയായിരുന്നു ഇദ്ദേഹം.
നടന്‍ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് കൊച്ചിന്‍ ഹനീഫ. വാത്സല്യം, ആണ്‍കിളിയുടെ താരാട്ട് എന്നിവ ഉള്‍പ്പെടെ അര ഡസനോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും അദ്ദേഹം ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കുകയും ചെയ്തു.മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ സിനിമകളായിരുന്നു അദ്ദേഹത്തിന്റതായി അവസാനമായെത്തിയത്.
ദിലീപ് ചിത്രമായ ബോര്‍ഡിഗാര്‍ഡായിരുന്നു കൊച്ചിന്‍ ഹനീഫയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം. കാലങ്ങളേറെ കടന്നുപോയാലും കലാകാരന്‍ തന്റെ കലയിലൂടെ എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നതിന് ഉദാഹരണമാണ് കൊച്ചിന്‍ ഹനീഫ. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളില്‍ ഒരാളായിരുന്നു കൊച്ചിന്‍ ഹനീഫ. കരളിലെ കാന്‍സറാണ് 2010ല്‍ കൊച്ചിന്‍ ഹനീഫയെ മരണത്തിലേക്ക് കൊണ്ടുപോയത്. അഭിനയപ്രതിഭയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം…

