അടിച്ചു‌ പൂസായി ട്രെയിനില്‍; മൂത്രശങ്ക തോന്നി എഴുന്നേറ്റപ്പോള്‍ കാലുറച്ചില്ല; പിടിച്ചത് അപായച്ചങ്ങലയില്‍; യാത്രക്കാരന്‍ കുടുങ്ങി

കോട്ടയം: മദ്യപിച്ച്‌ ലക്കുകെട്ട് ട്രെയിനില്‍ യാത്ര ചെയ്യവേ മൂത്രശങ്ക തോന്നി. ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ വീഴാന്‍ പോയി.

ബാലന്‍സിന് പിടിച്ചത് അപായച്ചങ്ങലയില്‍. ഇതോടെ ട്രെയിന്‍ പത്ത് മിനിറ്റോളം പിടിച്ചിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് ഭിന്ന ശേഷിക്കാരനായ ആള്‍ മദ്യ ലഹരിയില്‍ അപായച്ചങ്ങല വലിച്ചത്. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സംഭവം.

ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിന്‍ ഉടന്‍ നിര്‍ത്തി. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച്‌ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആടുകയായിരുന്നു.

ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്കു പോകാനെഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ ചങ്ങല വലിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂര്‍വം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ല.

prp

Leave a Reply

*