തിരുവനന്തപുരം > “കായ വറുത്തത് വില്‍ക്കുന്ന കടയൊക്കെ ഒരു സംരംഭമാണോ..?’ സംസ്ഥാനത്തെ സംരഭക മുന്നേറ്റത്തെ ഇകഴ്ത്താന്‍ ശ്രമിക്കുന്ന ചിലര്‍ ഇരുപ്പത്തിരണ്ടുകാരി ആനി ജോഷിയുടെ ജിയോ ചിപ്സ് എന്ന സ്ഥാപനത്തെക്കുറിച്ചും ഇങ്ങനെ പറഞ്ഞേക്കാം.
ഒരുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ആശയവും പ്രതീക്ഷകളുമായാണ് ആനിയും അമ്മ റിബുവും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പടികയറുന്നത്.
മലയാളിയുടെ തനതായ രുചിയെ ലോകമെങ്ങും എത്തിച്ച് ഒരു അന്താരാഷ്ട്ര ബ്രാന്‍ഡാകുകയായിരുന്നു ആനിയുടെ ആഗ്രഹം. ആശയം കേട്ട ജില്ലാ വ്യവസായ കേന്ദ്രം അധികൃതരും സര്‍ക്കാരും ആനിയോടൊപ്പം കട്ടയ്ക്ക് കൂടെ നിന്നു. യങ് കേരള ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ ഇന്റേണുകളുടെ പദ്ധതി രൂപീകരിക്കാന്‍ നിരന്തരം ഇടപെട്ടു. ഓരോഘട്ടത്തിലും സഹായം നല്കി. പദ്ധതിനടത്തിപ്പില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഇങ്ങനെയുള്ള നിരന്തര പരിശ്രമത്തിന് ഒടുവില്‍ അരിസ്റ്റോ ജങ്ഷനില്‍ ഫെബ്രുവരി 14ന് “ജിയോ ചിപ്സ്’ ആരംഭിച്ചു. ഒരു സ്വപ്നത്തെ തീവ്രമായി പിന്തുടര്ന്നാല് അത് ഒരുനാള്‍ യാഥാര്‍ഥ്യമാകുമെന്ന് തന്റെ അനുഭവം മുന്‍നിര്‍ത്തി ആനി പറയുന്നു. ഒരുലക്ഷം സംരംഭക പദ്ധതിയില്‍ ആഗസ്തില്‍ രജിസ്ട്രര്‍ ചെയ്ത ഇവര്‍ ബാങ്ക് വായ്പയോടെ ഒക്ടോബറിലാണ് ജിയോ ചിപ്സ് ആരംഭിക്കുന്നത്. തിരുവനന്തപുരം എസ്എസ് കോവില്‍ റോഡിലാണ് ആദ്യ ഔട്ട്-ലെറ്റ് ആരംഭിച്ചത്. പിന്നീട് ഫെബ്രുവരി 14ന് അരിസ്റ്റോ ജങ്ഷനില്‍ പുതിയ ഔട്ട്-ലെറ്റ് തുടങ്ങി. പേയാടാണ് നിര്‍മാണ യൂണിറ്റ്.
വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ ദീര്‍ഘവീക്ഷണത്തിലുള്ള പദ്ധതികളാണ് തങ്ങളെയും സംരംഭകരാക്കിയതെന്ന് റിബു പറയുന്നു. വനിതാസംരംഭകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. സംരംഭത്തിലൂടെ അഞ്ചുപേര്‍ക്ക് ജോലി നല്‍കാനായതിന്റെ സന്തോഷത്തിലാണ് ആനിയെന്ന യുവസംരംഭക.

