കണ്ണൂര്‍
ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് .
സിപിഐ എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം പ്രവര്‍ത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ലെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നതിന്റെ ജാള്യത്തിലാണ് ആര്‍എസ്എസ്സുമായി സിപിഐ എം രഹസ്യചര്‍ച്ച നടത്തിയെന്ന പ്രചാരണം. കണ്ണൂരിലും മറ്റിടങ്ങളിലുമുണ്ടായിരുന്ന രാഷ്ട്രീയസംഘര്‍ഷം ഇല്ലാതാക്കാന്‍ നിരവധി തവണ സര്‍വകക്ഷിയോഗവും ഉഭയകക്ഷി ചര്‍ച്ചയും നടന്നിട്ടുണ്ട്. ആ ചര്‍ച്ചയ്ക്കുശേഷം വലിയതോതില്‍ സംഘര്‍ഷം കുറഞ്ഞു. ഈ ചര്‍ച്ചയോടെ ആര്‍എസ്എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അസംബന്ധമാണ്. അതിനുശേഷവും ആര്‍എസ്എസ്സുകാരും കോണ്‍ഗ്രസുകാരും സിപിഐ എം പ്രവര്‍ത്തകരെ ഇല്ലാതാക്കിയിട്ടുണ്ട്. സിപിഐ എം സംയമനം പാലിക്കുന്നതിനാലാണ് സംഘര്‍ഷമില്ലാത്തത്. ജമാഅത്തെ ഇസ്ലാമിയുമായോ വെല്‍ഫയര്‍ പാര്ടിയുമായോ സിപിഐ എം ഇതുവരെ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കോടതി വിധിയും
‘സിപിഐ എമ്മിനെ’ അടിക്കാന്‍
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിലെ ഭരണസമിതി തെരഞ്ഞെടുപ്പിലെ ഹൈക്കോടതി വിധിയിലും സിപിഐ എമ്മിനെ കുത്താന്‍ ശ്രമിച്ച് മാധ്യമങ്ങള്‍. ഒറ്റപ്പാലം പൂക്കോട്ട് കാളികാവില്‍ ക്ഷേത്രത്തിലെ പാരമ്ബര്യേതര ട്രസ്റ്റികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയിലായിരുന്നു ഡിവിഷന് ബെഞ്ച് വിധി. രാഷ്ട്രീയ പാര്‍ടികളുടെ സജീവപ്രവര്‍ത്തകരോ നേതാക്കളോ ക്ഷേത്ര ഭരണസമിതികളില്‍ വരുന്നതിനോട് സിപിഐ എമ്മിന് താല്‍പ്പര്യമില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഭരണസമിതികളില്‍ കയറിക്കൂടിയ ബിജെപി നേതാക്കളാണ് ക്ഷേത്രങ്ങളും സ്വത്തുക്കളും ദുരുപയോഗം ചെയ്യുന്നതെന്ന വസ്തുത തുറന്നുപറയാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ഹൈക്കോടതി വിധി സിപിഐ എമ്മിനെയാണ് ബാധിക്കുകയെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രധാന ഭാരവാഹിയായി ഇരിക്കുന്ന നരേന്ദ്ര മോദി അടക്കം രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് എന്നാണ് എം വി ഗോവിന്ദന് വ്യക്തമാക്കിയത്.
കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റികള്‍ വിശ്വാസികളുടെ താല്‍പ്പര്യമല്ല സംരക്ഷിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആയുധ പരിശീലനത്തിനും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും വേട്ടയാടാനുള്ള ആസൂത്രണ കേന്ദ്രങ്ങളായും ആരാധനാലയ പരിസരങ്ങളെ മാറ്റുകയാണ് പതിവ്. കൊടുങ്ങല്ലൂരും ഗുരുവായൂരുമടക്കം പല സ്ഥലങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ട്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ബിജെപി–-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭരണത്തിലായിരുന്നു ദീര്‍ഘകാലം. അഴിമതിയും സ്വജനപക്ഷപാതവും ആയുധപരിശീലനവുമടക്കം നിരവധി പ്രശ്നങ്ങളായിരുന്നു അവിടെ. വിശ്വാസികളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. തുടര്‍ന്നാണ് കൃത്യമായ കണക്കും ഓഡിറ്റിങ്ങുമുണ്ടായത്.

