പേരൂര്‍ക്കട: വീട് പാട്ടത്തിന് നല്‍കാമെന്ന് പരസ്യം നല്കി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയയാളെ പൊലീസ് അറസ്റ്റുചെയ്തു.
ശാസ്തമംഗലം പൈപ്പിന്മൂട് സ്വദേശി ശ്രീകുമാരന്‍ തമ്ബിയെയാണ് പേരൂര്‍ക്കട പൊലീസ് പിടികൂടിയത്.
ഒരു വീട് കാണിച്ച് പല ഇടപാടുകാരെയും ഇയാള്‍ ഒരു വര്‍ഷത്തിലധികമായി പറ്റിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൈപ്പിന്മൂടിലുള്ള ഇയാള്‍ താമസിക്കുന്ന വീട് പാട്ടത്തിന് നല്‍കാനുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കും. പരസ്യം കണ്ട് ആളുകള്‍ വിളിക്കുമ്ബോള്‍ അഡ്വാന്‍സ് തുക വാങ്ങി മറ്റൊരു ദിവസം താക്കോല്‍ കൈമാറാമെന്ന് കരാര്‍ വയ്ക്കും. പറയുന്ന ദിവസം താക്കോല്‍ കൈമാറാതെ ശ്രീകുമാരന്‍ തമ്ബി പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും. പണം നല്കുന്നവര് പൊലീസിനെ സമീപിച്ചാല്‍ പിന്നാലെ വിളിച്ച് പകുതി പണം നല്കി താത്കാലിക ഒത്തുതീര്പ്പുണ്ടാക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട് പണം നഷ്ടമായ നാലുപേര്‍ നല്കിയ പരാതി പേരൂര്‍ക്കട പൊലിസ് അന്വേഷിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. 35 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ് ഒളിവില്‍പോയ ശ്രീകുമാരന്‍ തമ്ബിയെ ഇന്നലെ രാവിലെയാണ് അറസ്റ്റുചെയ്തത്. ഇയാള്‍ പിടിയിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ മറ്റ് ചിലരും സ്റ്റേഷനിലെത്തി. ഇവര്‍ക്കെല്ലാം അധികം വൈകാതെ പണം നല്‍കാമെന്ന് വാഗ്ദാനം നല്കി ശ്രീകുമാരന്‍ തമ്ബിയുടെ ബന്ധുക്കള്‍ മടക്കി അയച്ചു. വീട് നിര്‍മ്മിച്ചു വില്‍ക്കുന്ന കരാറുകാരനായ ശ്രീകുമാരന്‍ തമ്ബിക്കെതിരെ പണം തട്ടിച്ചതിന് വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

