ആകാശ് തില്ലങ്കേരിയെ ഒതുക്കാന്‍ പുറത്തെടുക്കുന്നത് കാപ്പ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സി പി എം

കണ്ണൂര്‍: സി പി എമ്മിന് തലവേദനയായി തീര്‍ന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താന്‍ പൊലീസ് നീക്കം.

നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അധികം വൈകാതെ നടപടി ഉണ്ടാവും എന്നാണ് അറിയുന്നത്.

അതേസമയം, തനിക്കെതിരെ സംസാരിച്ച ഡി വൈ എഫ് ഐ വനിതാ നേതാവിനെതിരെയുള്ള വ്യക്തിഹത്യ ആകാശ് തില്ലങ്കേരി തുടരുകയാണ്. ഒളിവിലിരുന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യക്തിഹത്യ തുടരുന്നത്. ആകാശിനെ ഇതുവരെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ആകാശിനെ കണ്ടെത്താനാവുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അതിനിടെ, ആകാശ് ഉണ്ടാക്കുന്ന പ്രകോപനങ്ങളില്‍ ചെന്നുചാടരുതെന്ന മുന്നറിയിപ്പുമായി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്തൊക്കെ പ്രകോപനമുണ്ടാക്കിയാലും ഒരു പ്രതികരണവും നടത്തരുതെന്നാണ് പാര്‍ട്ടി നേതൃത്വം സിപി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന കര്‍ശന നിര്‍ദ്ദേശം. ക്വട്ടേഷന്‍ സംഘത്തെ നിയമപരമായി ഇല്ലാതാക്കുമെന്നും അണികളെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. ആകാശിനെതിരെ പ്രതികരിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും അത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നില്‍.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഇയാളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമാണ്. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന ആകാശിന്റെ വിമര്‍ശനം വിവാദമായിരുന്നു. ആകാശിന്റെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി.

കേസ് പ്രത്യേക സംഘത്തിന്

സാമൂഹിക മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ മുഴക്കുന്ന് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടേയും മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡിനാണ് രൂപം നല്‍കിയിരിക്കുന്നത്.

മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവര്‍ത്തകരായ ജിജോ, ജയപ്രകാശ് എന്നിവര്‍ക്കുമെതിരെ കേസെടുത്തത്. തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ കഴിഞ്ഞ രാത്രി രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ആകാശിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് പേരും ഒളിവില്‍പോയി. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുമുണ്ട്. മൂന്ന് പേരുടേയും മൊബൈല്‍ ഫോണും നിശ്ചലമാണ്. ഡി.വൈ.എഫ്.ഐയുടെ യോഗത്തില്‍ ആകാശ് തില്ലങ്കേരിയെ വിമര്‍ശിച്ചതിന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി.

prp

Leave a Reply

*