പ്രശാന്ത് ഭൂഷണ്‍ കോടതിയിലേക്ക് ഓടിയെത്തി; അധികൃതര്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരൈ കാലെ ഖാനിലെ രാത്രിതാമസ കേന്ദ്രം പൊളിക്കല്‍ തടയാന്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഓടിയെത്തിയെങ്കിലും ഫലമുണ്ടായില്ല.

സുപ്രീംകോടതി കേസ് പരിഗണിക്കുംമുമ്ബേ ഡല്‍ഹി വികസന അതോറിറ്റി താമസകേന്ദ്രം പൊളിച്ചുനീക്കി. ഇതോടെ പുനരധിവാസം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്ബാകെയാണ് പ്രശാന്ത് ഭൂഷണ്‍ കേസ് ആദ്യം ഉന്നയിച്ചത്. ഭവനരഹിതരുടെ കേസുകള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസുമാരായ എസ്.ആര്‍. ഭട്ടിന്റെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ചിനുമുന്നില്‍ നേരത്തേ ഉന്നയിച്ചിരുന്നതായും പറഞ്ഞു.ജസ്റ്റിസ് ഭട്ട് ഇല്ലെന്നും ജസ്റ്റിസ് ദത്തയുടെ ബെഞ്ചിന് മുമ്ബാകെ ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ ജസ്റ്റിസ് ഹൃതികേഷ് റോയ്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിലേക്ക് പ്രശാന്ത് ഭൂഷണ്‍ ഓടിയെത്തി. മറ്റൊരു കേസിന്റെ വാദത്തിനിടെ ഇടപെട്ട് വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചു.

ഈ കേസ് കഴിഞ്ഞാലുടന്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വാദം പൂര്‍ത്തിയാക്കിയ ശേഷം കേസ് പരിഗണിച്ചു. അപ്പോഴേക്കും അധികൃതര്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. 10.30ന് നിശ്ചയിച്ചിരുന്ന പൊളിക്കല്‍ അധികൃതര്‍ പത്തുമണിക്ക് തന്നെ നടത്തുകയായിരുന്നെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ഫെബ്രുവരി 22ന് പരിഗണിക്കുന്ന ഭവനരഹിതരായവരുടെ കേസിനൊപ്പം സരൈ കാലെ ഖാനിലെ രാത്രിതാമസ കേന്ദ്രം വിഷയം പരിഗണിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്.

prp

Leave a Reply

*