Photo: pixabay
പരമ്ബരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഉപേക്ഷിച്ച് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിയ്ക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് സ്കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്.
ഇലക്ട്രിക് കാറുകള്‍, വായു മലിനീകരണം, ആരോഗ്യം എന്നിവ ബന്ധിപ്പിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ ഡേറ്റകള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്. പൊതുവായി ലഭ്യമായ ഡേറ്റസെറ്റുകള്‍ പ്രയോജനപ്പെടുത്തി ഗവേഷകര്‍ കാലിഫോര്‍ണിയയിലാണ് പഠനം നടത്തിയത്. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലിലാണ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്. 2013-നും 2019-നും ഇടയില്‍ സംസ്ഥാനത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത മൊത്തം സീറോ എമിഷന്‍ വാഹനങ്ങള്‍, വായു മലിനീകരണ തോത്, പ്രദേശത്ത് ആസ്ത്മ രോഗവുമായി ബന്ധപ്പെടുത്തി ചികിത്സ തേടിവര് എന്നീ വിവരങ്ങള്‍ ഗവേഷകര്‍ താരതമ്യം ചെയ്ത് പഠിച്ചു. പ്രദേശത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പ്രാദേശത്ത് വായു മലിനീകരണ തോതും ആശുപത്രി സന്ദര്‍ശനങ്ങളും കുറഞ്ഞതായി കണ്ടെത്തി.
‘ആഗോള തലത്തിലാണ് പലപ്പോഴും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള് ചിന്തിക്കുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളുടെ സ്വന്തം സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന ആശയം പൊതുജനങ്ങള്‍ക്കും നിയമ നിര്‍മ്മാതാക്കള്‍ക്കും ഒരു ശക്തമായ സന്ദേശമായിരിക്കും’- കെക്ക് സ്കൂള്‍ ഓഫ് മെഡിസിനിലെ പോപ്പുലേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് അസിസ്റ്റന്റ് പ്രഫസറും പഠനത്തിന്റെ മുഖ്യ ഗവേഷകനുമായ എറിക ഗാര്‍സിയ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വെല്ലുവിളിയാണെന്നും അവ ഭയം ജനിപ്പിക്കുമെന്നതാണ് കാരണമെന്നും കെക്ക് സ്കൂള്‍ ഓഫ് മെഡിസിനിലെ പോപ്പുലേഷന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സയന്‍സസ് അസോസിയേറ്റ് പ്രൊഫസറും പഠനത്തിന്റെ സീനിയര്‍ എഴുത്തുകാരനുമായ സാന്ദ്ര എക്കല്‍ പറഞ്ഞു.

