ജിമ്മി ഗ്രീവ്സിനെ കടന്ന് ഹാരി കെയിന്‍ റെക്കോഡ് പുസ്തകങ്ങളിലേക്ക് ഗോളടിച്ചുകയറിയ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടന്‍ഹാം ഹോട്സ്പര്‍.
പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് സമീപകാലത്തെ ആദ്യ തോല്‍വി വഴങ്ങിയതിനു പിറ്റേന്ന് അവരുമായി പോയിന്റ് അകലം കുറക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഡി ബ്രുയിന് സംഘവും നിര്‍ഭാഗ്യവും ചേര്‍ന്ന് വഴിമുടക്കിയത്. ഇപ്പോഴും ഒരു കളി കുറച്ചുകളിച്ച ആഴ്സണല്‍ അഞ്ചു പോയിന്റ് ലീഡ് തുടരുകയാണ്. ആഴ്സണലിന് 50ഉം സിറ്റിക്ക് 45ഉം പോയിന്റാണുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യുകാസില്‍ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കരുത്തരായ ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ തുടര്‍ വീഴ്ചകളുമായി പോയിന്റ് പട്ടികയില്‍ ഏറെ പിറകിലാണ്.
കളി തുടങ്ങി കാല്‍മണിക്കൂര്‍ പിന്നിടുംമുന്നെ ടോട്ടന്‍ഹാം നയം വ്യക്തമാക്കിയിരുന്നു. സ്വന്തം ഗോള്‍മുഖത്തെ അപകടമൊഴിവാക്കി സിറ്റി പ്രതിരോധ താരം ദൂരെ സഹതാരത്തിന് നല്കിയ പാസ് ഓടിപ്പിടിച്ച ഹോജ്ബെര്‍ഗ് ആയിരുന്നു ശരിക്കും ഹീറോ. കൂടെ ഓടിയ എതിര് പ്രതിരോധത്തെ സമര്‍ഥമായി മറികടന്ന് നല്കിയ മനോഹര പാസില്‍ കാല്‍വെച്ച ഹാരി കെയിന്‍ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. താരത്തിന് ക്ലബ് ജഴ്സിയില്‍ ഇതോടെ 267 ഗോളായി. ഇതുവരെയും ആ റെക്കോഡ് സ്വന്തം പേരിലായിരുന്ന ജിമ്മി ഗ്രീവ്സിനെയാണ് താരം മറികടന്നത്. 18കാരനായിരിക്കെ 2011ല്‍ ടീമിനായി ആദ്യ ഗോളടിച്ചുതുടങ്ങിയ താരം പ്രിമിയര്‍ ലീഗില്‍ 200ാം ഗോളും കുറിച്ചു. അലന് ഷിയറര്‍ (260), വെയിന്‍ റൂണി എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.
കളിയിലുടനീളം ആധിപത്യം കാട്ടിയ മാഞ്ചസ്റ്റര്‍ സിറ്റി എതിര്‍ഗോള്‍മുഖത്ത് പലവട്ടം ഗോളവസരങ്ങള്‍ സൃഷ്ടിച്ചതാണെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. റിയാദ് മെഹ്റസ് ഒരിക്കല്‍ അടിച്ചത് ക്രോസ്ബാറിന്റെ അടിയില്‍ തട്ടി കുമ്മായവരക്കരികെവീണ് തിരിച്ചുപോന്നു. 87ാം മിനിറ്റില്‍ ടോട്ടന്‍ഹാം പ്രതിരോധനിരയില്‍ ക്രിസ്റ്റ്യന്‍ റൊമോരോ കാര്‍ഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലാക്കാന്‍ സിറ്റിക്കായില്ല.
ഹോട്സ്പര്‍ മൈതാനത്ത് അഞ്ചുകളികളില്‍ പോയിന്റില്ലാതെ മടങ്ങുന്ന ടീമായി സിറ്റി. 90 മിനിറ്റും കളിച്ചിട്ടും കാര്യമായി പന്തു ലഭിക്കാതെ ഉഴറിയ എര്‍ലിങ് ഹാലന്‍ഡ് ദുരന്തമായ ദിനംകൂടിയായിരുന്നു ഞായറാഴ്ച. താരത്തിന് കൃത്യമായി പന്തു നല്കുന്നതില് സഹതാരങ്ങള്‍ പരാജയപ്പെട്ടെന്നു മാത്രമല്ല, ഗോളവസരങ്ങള്‍ തുറക്കുന്നതില്‍ ഹാലന്‍ഡും വഴിമറന്നു.
കെയിന്‍, ഹോട്സ്പര്‍ ഇതിഹാസം
മറുവശത്ത്, എന്നെത്തേയും പോലെ പതിവു ഫോമിലായിരുന്നു ടോട്ടന്‍ഹാമിന്റെ സ്വന്തം കെയിന്‍. ഗോള്‍ കുറിക്കുന്ന നിമിഷം ഉയര്‍ത്താന്‍ കരുതി ഗാലറിയിലെത്തിച്ച ഹാരി കെയിന്‍ ബാനര്‍ അതിവേഗം ഉയര്‍ത്താന്‍ അവസരം നല്കി താരം പതിവു ശൈലിയില്‍ ഗോള്‍ നേടിയത് 15ാം മിനിറ്റില്‍. ടീം ജഴ്സിയില്‍ 416ാം മത്സരത്തിലാണ് താരത്തിന്റെ 267ാം ഗോള്‍ പിറക്കുന്നത്. ഗ്രീവ്സ് പക്ഷേ, 266 ലെത്തിയിരുന്നത് 379 കളികളിലായിരുന്നു.

