അന്‍ഷിദിന്‍റെ ബാക്ക് ഹീല്‍ ഗോള്‍ വിഡിയോ പങ്കുവെച്ച്‌ ഐ.എസ്.എല്‍

മഞ്ചേരി: അരീക്കോട് സ്വദേശിയായ 12കാരന്റെ ഗോള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒഫീഷ്യല്‍ പേജ്.

കുനിയില്‍ അല്‍ അന്‍വാര്‍ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കെ.കെ. അന്‍ഷിദിന്റെ ബാക്ക് ഹീല്‍ ഗോളാണ് വൈറലായത്. കഴിഞ്ഞദിവസം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്‍റിലെ മത്സരത്തിലാണ് വൈറല്‍ ഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍നിന്ന് ലഭിച്ച ക്രോസ് അന്‍ഷിദ് ഉയര്‍ന്ന് ചാടി വായുവില്‍നിന്ന് തന്നെ മികച്ച ബാക്ക് ഹീലിലൂടെ വലയിലേക്ക് തട്ടി വിടുകയായിരുന്നു.

ഗോള്‍ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തുന്ന ദൃശ്യം പരിശീലകന്‍ ഇംദാദ് കോട്ടപ്പറമ്ബനാണ് പകര്‍ത്തിയത്. കോച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ദൃശ്യം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ പേജും ഏറ്റെടുത്തു. ‘പന്ത് വരുന്നത് കീപ്പര്‍ കണ്ടില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വിഡിയോ പങ്കുവെച്ചത്.

നിമിഷങ്ങള്‍ക്കകം വിഡിയോ വൈറലായി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. താരത്തെ അഭിനന്ദിച്ച്‌ നിരവധി കമന്‍റുകളും വന്നു. കാവനൂര്‍ കാസ്കോ ക്ലബ് താരമാണ് അന്‍ഷിദ്. മമ്ബാട് റെയിന്‍ബോ ഫുട്ബാള്‍ അക്കാദമിക്കെതിരെ നടന്ന മത്സരത്തിലാണ് ഗോള്‍ പിറന്നത്. അന്‍ഷിദിന്റെ ഇരട്ടഗോള്‍ മികവില്‍ മമ്ബാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടീം പരാജയപ്പെടുത്തി.

prp

Leave a Reply

*