കുവൈത്ത് സിറ്റി: പ്രവാസികള്‍ക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന് ഓഫ് ദ ബേസിക് ഇവാല്വേറ്റേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (കബേര്‍).
പ്രവാസികളുടെ മെഡിക്കല്‍ ഫീസ് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. മെഡിക്കല്‍ ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ പല പ്രവാസികളും ക്ലിനിക്കുകളും ആശുപത്രികളും സന്ദര്‍ശിക്കുകയോ ആവശ്യമായ പരിശോധനക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷന് അറിയിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് കബേര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ ഉടന്‍ തുറക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. എക്സ്റേ, പരിശോധനകള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചികിത്സച്ചെലവിന്റെ ഒരു ഭാഗം ഔഖാഫ് സെക്രട്ടേറിയറ്റ് ജനറല്‍ വഹിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.

