ഖത്തര്‍ ലോകകപ്പിലെ താരോദയങ്ങളിലൊരാളാണ് അര്‍ജന്റീനക്കാരനായ എന്‍സോ ഫെര്‍ണാണ്ടസ്. ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട എന്‍സോക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ചെല്‍സിയും തമ്മില്‍ പോരിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയില്‍ കളിക്കുന്ന താരത്തിന് ചെല്‍സി മുന്നോട്ടുവെച്ച ഓഫര്‍ 127 ദശലക്ഷം യൂറോയാണെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും 118 ദശലക്ഷം യൂറോ വരെ ഓഫര്‍ നല്‍കിയിരുന്നെന്നും പറയുന്നു. എന്നാല്‍, എന്ത് വില കൊടുത്തും താരത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ചെല്‍സി. ക്ലബ് പ്രതിനിധികള്‍ ബെന്‍ഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റയുമായും ഏജന്റ് ജോര്‍ജ് മെന്ഡസുമായും ചര്‍ച്ച നടത്തിയതായി ‘ദ സണ്‍’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ എത്തിയ 21കാരന് 2027 വരെ അവിടെ കരാറുണ്ട്. നിലവില്‍ പോര്‍ച്ചുഗീസ് ലീഗില്‍ നാല് സീസണിന് ശേഷം കിരീടത്തിലേക്ക് നീങ്ങുകയാണ് ബെന്‍ഫിക്ക. ചാമ്ബ്യന്‍സ് ലീഗില്‍ അവസാന 16ല്‍ എത്തിയിട്ടുമുണ്ട്. ഇതിനിടയില്‍ ക്ലബ് അധികൃതര്‍ താരത്തെ വിട്ടുനല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, വന്‍തുകയുടെ ഓഫറില്‍ ക്ലബ് അധികൃതര്‍ വീഴുമെന്നാണ് ചെല്‍സിയുടെ പ്രതീക്ഷ. ഈ സമ്മറില്‍ കരാര്‍ പൂര്‍ത്തിയാക്കുന്ന ജോര്‍ജീഞ്ഞോക്ക് പകരക്കാരനായാണ് ചെല്‍സി അര്‍ജന്റീനക്കാരനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ജോര്‍ജീഞ്ഞോ അടുത്ത സീസണില്‍ ന്യൂ കാസില്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. 2018 മുതല്‍ ചെല്‍സി മധ്യനിരയിലെ പ്രധാനിയായ ഇറ്റലിക്കാരന് 208 മത്സരങ്ങളില്‍ നീലക്കുപ്പായത്തിലിറങ്ങിയിട്ടുണ്ട്.
ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്. ഫൈനലില്‍ ഫ്രാന്‍സിനെതിരെ 77 പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ താരം പത്ത് ടാക്ലിങ്ങും നടത്തി. അതേസമയം, താരത്തിന് ഡിമാന്‍ഡ് കൂടിയതോടെ ലിവര്‍പൂള്‍ പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ എത്തിക്കാനാണ് അവരുടെ പുതിയ നീക്കമെന്നാണ് സൂചന.

