മേയറുടെ ഒറ്റ ഒപ്പില്‍ ആറ് വര്‍ഷമായുള്ള ജയശ്രീയുടെ കണ്ണീര്‍ പുഞ്ചിരിയായി, കേരളകൗമുദി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു, ഉറ്റവരാരുമില്ലാത്ത യുവതിക്ക് നഗരസഭയുടെ ഫ്ളാറ്റ്

തിരുവനന്തപുരം: നഗരസഭയിലെ സമര കോലാഹലങ്ങള്‍ക്കിടയിലും വള്ളക്കടവ് ജയശ്രീയുടെ കണ്ണുനീരിന് വിരാമം. ഒരു വീടിനവേണ്ടി ആറ് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങിയ 51കാരിയായ ജയശ്രീക്ക് ഒടുവില്‍ വീടൊരുങ്ങുന്നു.

ജയശ്രീയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നതിനെ തുടര്‍ന്ന് മേയര്‍ ഇടപെട്ട് ജയശ്രീക്ക് കല്ലടിമുഖത്ത് നഗരസഭയുടെ ഫ്ളാറ്റ് അനുവദിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തനിക്ക് ഇതുവരെ സ്വന്തമായി വീട് ലഭിച്ചില്ലെന്നായിരുന്നു ജയശ്രീയുടെ പരാതി.

പ്രസവത്തില്‍ അമ്മയും 14ാം വയസില്‍ ജയശ്രീയുടെ അച്ഛനും മരിച്ചു. തുടര്‍ന്ന് അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മൂമ്മയും മരിച്ചതോടെ ജയശ്രീ ഒറ്റയ്ക്കായി. ബന്ധുവീടുകളില്‍ ജയശ്രീ മാറി മാറി താമസിച്ചു. ബന്ധുക്കള്‍ക്ക് ബാദ്ധ്യതയായതുകൊണ്ട് എട്ടാം ക്ലാസില്‍ പഠനവും നിറുത്തി. നിലവില്‍ ശ്രീകാര്യത്ത് ഒരു വീട്ടില്‍ വൃദ്ധയെ പരിപാലിക്കുന്ന ജോലിയാണ് ചെയ്യുന്നത്. താമസിക്കാന്‍ വേറെ വീടില്ലാത്തത് കൊണ്ട് ആ വീട്ടില്‍ തന്നെയാണ് ജയശ്രീ താമസിക്കുന്നത്.

2016 ലാണ് ലൈഫ് പദ്ധതിയില്‍ വീടിന് ആദ്യമായി അപേക്ഷിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളാരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് നഗരപരിധിയില്‍ മണ്ണും വീടിന് പകരം ഫ്ളാറ്റാണ് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ജയശ്രീയെ അറിയിച്ചത്. തുടര്‍ന്ന് നഗരസഭയില്‍ അപേക്ഷ നല്‍കുകയായിരുന്നു. വീട് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ജയശ്രീ പറഞ്ഞു. അടുത്തയാഴ്ച മേയര്‍ ആര്യാ രാജേന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും.

prp

Leave a Reply

*