അരൂര്‍
മൂന്ന് യുവാക്കളുടെ അപകടമരണ വാര്‍ത്തകേട്ട് നടുക്കത്തോടെയാണ് ഞായറാഴ്ച അരൂര്‍ ഉണര്‍ന്നത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തില്‍ സന്തോഷംനിറച്ച് അവര്‍ പടിയിറങ്ങിയത് ജീവിതത്തില്നിന്നായിരുന്നു.
ദേശീയപാതയില്‍ കെല്‍ട്രോണ്‍ ജങ്ഷന് സമീപത്ത് നിര്‍ത്തിയിട്ട സ്കൂള്‍ബസിന് പിന്നിലാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
അരൂര്‍ പഞ്ചായത്ത് 11-ാം- വാര്‍ഡ് വടവശേരി തങ്കച്ചന്റെ മകന് വിജോയ് (21), 21-ാം- വാര്‍ഡ് കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന് അഭിജിത്ത് (23), 21–ാം വാര്‍ഡ് കപ്പലുങ്കല്‍ ഗിരീഷിന്റെ മകന് ആല്വിന് (22) എന്നിവരാണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇവര്‍ മൂന്നുപേരും മറ്റൊരു സുഹൃത്തിന്റെ ചന്തിരൂരിലെ വീടുതാമസച്ചടങ്ങില് പങ്കെടുത്തു. ഇതിനുശേഷം വിജോയ് രണ്ടുപേരെയും അരൂര്‍ ശ്മശാനത്തിനടുത്തുള്ള വീടുകളിലാക്കുന്നതിന് ബൈക്കില്‍ പോകുമ്ബോഴായിരുന്നു അപകടം. മൂവരും വളരെ സാധാരണവീടുകളിലെ അംഗങ്ങളാണ്. വെല്‍ഡിങ് തൊഴിലാളിയായ അഭിജിത്ത് ഈയിടെയാണ് വിവാഹിതനായതാണ്. ബിജിത് ഏക സഹോദരനാണ്. ബിന്ദുവാണ് അമ്മ. കുടുംബത്തിലെ ഏകവരുമാനമുള്ള അംഗമാണ് നഷ്ടമായത്.
മത്സ്യബന്ധനതൊഴില് ചെയ്തും രാത്രികാലങ്ങളില്‍ ഓട്ടോ ഓടിച്ചുമാണ് ആല്‍വിന്റെ അച്ഛന് ഗിരീഷ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്. ആല്വിന് ബികോം കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. മകന് ജോലി ലഭിച്ച് വീട് കരകയറുമെന്നായിരുന്നു പ്രതീക്ഷ. എ സി മെക്കാനിക്കായ വിജോയിയുടെ വരുമാനം കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. മൂവരുടെയും സംസ്കാരം കഴിഞ്ഞു. ആല്‍വിന്റെയും അഭിജിത്തിനെയും സംസ്കാരം ഞായര്‍ പകല്‍ മൂന്നോടെ നെട്ടൂര്‍ ശ്മശാനത്തിലായിരുന്നു. വിജോയിയുടെ സംസ്കാരം എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലും.

