കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ (കാലവര്‍ഷം) അളവ് കുറഞ്ഞു. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്ററോളജി ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്സി മാത്യു കോളിന്റെ കണ്ടെത്തല്‍.
ചൂടുള്ള വായു കൂടുതല്‍ ഈര്‍പ്പം കൂടുതല്‍ നേരം പിടിച്ചുവയ്ക്കുന്നു. അതു കൊണ്ട് ദീര്‍ഘകാലയളവില്‍ മഴ പെയ്യാതിരിക്കുന്നു. പിടിച്ചുവച്ച ഈര്‍പ്പം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടോ മണിക്കൂറുകള്‍ കൊണ്ടോ പെയ്തു തീര്‍ക്കുകയും ചെയ്യുന്നു. മണ്‍സൂണ്‍ കാറ്റുകളിലെ വ്യതിയാനവും ഇതിന് കാരണമാണ്.
പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാവുമ്ബോള്‍ വെള്ളത്തിന് പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ വരുന്നു. ഇതിന്റെ ഭാഗമായി പ്രളയമുണ്ടാകുന്നു. വെള്ളം പരന്നിറങ്ങാത്തതിനാല്‍ പ്രളയത്തിന് പിന്നാലെ പെട്ടെന്ന് വരള്‍ച്ചയും ഉണ്ടാകുന്നു. കുറേ നാളുകളായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തില്‍ ഇത് പുതിയ പ്രതിഭാസമായി മാറി.
സമുദ്ര നിരപ്പ് ഓരോ വര്‍ഷവും കൂടുന്നതിനാല്‍ കടലിലേക്കുള്ള ഒഴുക്ക് കുറയുന്നു. ഉപ്പുവെള്ളം തിരിച്ച് കായലിലേക്കും പുഴകളിലേക്കും കയറുന്നു.
ഒരേ വര്‍ഷം തന്നെ വെള്ളം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം മറികടക്കുന്നതിന് ജലം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. മഴപ്പൊലിമ, ജലവര്‍ഷിണി, പുനര്‍ജനി തുടങ്ങിയ ചെലവ് കുറഞ്ഞതും വിജയിച്ചതുമായ പദ്ധതികള്‍ നടപ്പാക്കിയും വനസംരക്ഷണം കര്‍ക്കശമാക്കിയും ഇതു നേരിടാം. കാടുകള്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്നതിനേക്കാള്‍ സസ്യ ജല ബാഷ്പീകരണം വഴി ജലം നിലനിറുത്തി വീണ്ടും മഴ പെയ്യിക്കുന്നു. മണ്ണൊലിപ്പും തടയുന്നു
ഡോ.റോക്സി മാത്യൂ കോള്‍ പറയുന്നു.
മഴയുടെ അളവ് കൂടുതലാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളമില്ല. അസാധാരണ മഴ പ്രളയകാരണമാകുന്നു. പെട്ടെന്ന് വരള്‍ച്ചയും സംഭവിക്കുന്നു. പ്രളയവും വരള്‍ച്ചയും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ സംഭവിക്കുന്നതും ആവര്‍ത്തിക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പരിഹാരം കണ്ടെത്തണം .

