ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.കേരളത്തെയും കര്‍ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയോട് ബൊമ്മെ അനുകൂലമായ നിലപാടല്ല അറിയിച്ചത്. പദ്ധതി മംഗളൂരു വരെ നീട്ടാന്‍ അനുവദിക്കണമെന്ന് പിണറായി വിജയന് അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ഈ ആവശ്യം നിരസിച്ചു.
കര്‍ണാടകയ്ക്ക് ഈ പാത കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും പാരിസ്ഥിതികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാണിച്ചാണ് ബൊമ്മെ പദ്ധതിയോട് വിയോജിപ്പ് അറിയിച്ചത്. കാസര്‍ഗോഡ് മുതല്‍ ദക്ഷിണ കന്നഡ വരെയും തലശ്ശേരി മുതല്‍ മൈസൂര്‍ വരെയും ബന്ധിപ്പിക്കാന്‍ ലക്ഷ്യം വെക്കുന്ന പാത കടന്നുപോവുക പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണ്. ഈ മേഖലയില്‍ ദേശീയ കടുവ സങ്കേതവും ആനകളുടെ ആവാസപ്രദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബൊമ്മെ പറഞ്ഞു.
“പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണ് പാത കടന്ന് പോവുകയെന്നതാണ് മറ്റൊരു പ്രശ്നം. ഈ പദ്ധതിയോട് ഒരുവിധത്തിലും സഹകരിക്കാന്‍ സാധിക്കില്ലെന്ന് കേരള മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്,” കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
ഭൂഗര്‍ഭ റെയില്‍പ്പാത
530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി പിണറായി വിജയന് സര്‍ക്കാരിന്‍െറ അഭിമാന പദ്ധതിയാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്‍െറ മുഖഛായ തന്നെ മാറ്റാന്‍ പദ്ധതിക്ക് സാധിക്കുമെന്നാണ് ഇടത് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 63941 കോടി രൂപ ചെലവ് കരുതുന്ന പദ്ധതി വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കുന്നത് 4 മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
നിര്‍ദിഷ്ട പാതയുടെ കര്‍ണാടകയിലൂടെ പോവുന്ന 30 കിലോമീറ്റര്‍ ദൂരം ഭൂമിക്ക് അടിയിലൂടെയാണ് കടന്ന് പോകേണ്ടത്. “പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നതിനാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ല,” പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. മുമ്ബ് തന്നെ പദ്ധതിയെ അനകൂലിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി അത് കേരള മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബൊമ്മെ പറഞ്ഞു.
പദ്ധതിയോടുള്ള എതിര്‍പ്പ്
കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. ഗുരുതരമായ പാരിസ്ഥതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ പദ്ധതി മൂലം ഉണ്ടാകുമെന്ന് അവര്‍ പറയുന്നു. കൃത്യമായി പഠനം നടത്തിയല്ല പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് ഇന്ത്യയുടെ മെട്രോമാന് ഇ ശ്രീധരനും വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഡിപിആര്‍ പുറത്ത് വിടുന്നത് വൈകിയതിനാല്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ടും നഷ്ടപ്പരിഹാരതുകയുടെ കാര്യത്തിലും ആശങ്കകള്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ പദ്ധതിക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2100 കോടി രൂപ കിഫ്ബി വഴി പദ്ധതിക്കായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

