ന്യൂഡല്‍ഹി: സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി ജനങ്ങളില്‍ നിന്നും പാകിസ്താന്‍ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളര്‍.
എന്നാല്‍ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്. വൈസ് ന്യൂസ് റിപ്പോര്‍ട്ടിലാണ് പാകിസ്താന്റെ അഴിമതി സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്.
1980-ലാണ് ഡയമര്‍-ഭാഷാ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിര്‍മ്മാണ ചിലവുകളും മൂലം പദ്ധതി വൈകി. 2018-ല്‍ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന സാഖിബ് നിസാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനായി വീണ്ടും ഫണ്ട് പിരിച്ചു. എന്നാല്‍ ചിലവ് 14 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ഫണ്ടിലേക്ക് ജനങ്ങളോട് സംഭാവന നല്‍കാനും ഭരണകൂടം നിര്‍ദേശിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു ഇതിന് നേതൃത്വം വഹിച്ചിരുന്നത്.
തുടര്‍ന്ന് പിറ്റേ വര്‍ഷം 6.3 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടെന്ന് നിസര്‍ വ്യക്തമാക്കി. ഫണ്ട് അണക്കെട്ട് നിര്‍മ്മാണത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി സമാഹരിച്ച തുകയേക്കാള്‍ പരസ്യത്തിനായി വിനിയോഗിച്ചെന്ന് പാകിസ്താന്‍ ദേശീയ അസംബ്ലി അംഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി പുറത്തുവന്നത്.
സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംഗീതജ്ഞര്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങി നിരവധി പേരാണ് അണക്കെട്ടിനായി സംഭാവനകള്‍ നല്‍കിയത്. ഫണ്ടില്‍ തിരിമറി കാണിച്ചത് സംബന്ധിച്ച വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് നിസാറിനോട് പാര്‍ലമെന്ററികാര്യ സമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

