തിരുവനന്തപുരം
രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വര്‍ക്കല ശിവഗിരി മഠം സന്യാസിമാര്‍.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബുധനാഴ്ച മഠത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ശ്രീനാരായണ ഗുരുധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണഗുരു സങ്കല്‍പ്പത്തോട് മുഖ്യമന്ത്രിക്ക് അനുഭാവ സമീപനമാണ്. ശിവഗിരിയിലും ചെമ്ബഴന്തി ഗുരുകുലത്തിലും കണ്വന്ഷന് സെന്റര്‍ സ്ഥാപിച്ചു. വിജെടി ഹാളിന് അയ്യന്‍കാളിയുടെ പേരുനല്കി.
ഇവയെല്ലാം ശ്രീനാരായണ ദര്‍ശനത്തിന് അനുകൂലമായ പ്രവൃത്തിയാണ്. ഇത് തുടര്‍ന്നാല്‍ ഇനിയും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തും. ശ്രീനാരായണീയര്‍ക്ക് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം കുറവാണ്. കോണ്‍ഗ്രസില്‍നിന്ന് ഒരു എംഎല്‍എ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, പാലോട് രവി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

