എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്രൈംബ്രാഞ്ചാണ് ഹര്‍ജി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ ഗൗരവകരമായി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷന് വാദം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം കേസ് പരിഗണിക്കാന്‍ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷനും, അതി ജീവിതയുമായിരുന്നു കോടതി മാറ്റത്തിനെതിരെ ജഡ്ജി ഹണി എം വര്‍ഗീസിന് മുന്നില്‍ പരാതി ഉന്നയിച്ചത്. വിചാരണ നടത്താന്‍ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നല്‍കിയതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അധിക കുറ്റപത്രത്തിന്റെ പകര്‍പ്പും ഇന്ന് പ്രതിഭാഗത്തിന് കൈമാറും.