കൂടുതല്‍ തുകയ്ക്ക് വാഹനം എടുക്കാന്‍ തയാറാണോ എന്ന് ഭരണസമിതി: തയാറല്ലെന്ന് അമല്‍, ഒടുവില്‍ ഗുരുവായൂരിലെ ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ

തൃശൂര്‍: ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ഥാര്‍ വാഹനം 15.10 ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലേലം ഉറപ്പിച്ചു നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കൂടുതല്‍ തുകയ്ക്ക് വാഹനം എടുക്കാന്‍ തയാറാണോ എന്ന് ലേലം പിടിച്ച അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി സുഭാഷ് പണിക്കരെ വിളിച്ച്‌ ഭരണസമിതി അന്വേഷണം നടത്തിയിരുന്നു.

എന്നാല്‍ 15.10 ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കാന്‍ തയാറല്ലെന്ന് ഇവര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വാഹനം അമല്‍ മുഹമ്മദ് അലിക്ക് തന്നെ നല്കാന്‍ ദേവസ്വം തീരുമാനം എടുക്കുകയായിരുന്നു.

ലേലത്തുകയോടൊപ്പം ജിഎസ്ടിയും ചേര്‍ത്ത് 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്ക്കണം. ദേവസ്വം കമ്മിഷണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക അടപ്പിച്ച്‌ റജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി വാഹനം കൈമാറും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അധ്യക്ഷനായി. നേരത്തെ ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്.

എറണാകുളം ഇടപ്പള്ളി സ്വദേശിയും ബഹ്റൈനില്‍ ബിസിനസ്സുകാരനുമായ അമല്‍ മുഹമ്മദ് അലിയാണ് ലേലത്തില്‍ വാഹനം സ്വന്തമാക്കിയത്. വാഹനം ലേലം ചെയ്തതിനു പിന്നാലെ തുകയെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തു. ഇതേതുടര്‍ന്ന് ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ദേവസ്വം ഭരണസമിതി പിന്നീട് സ്വീകരിക്കുമെന്ന് അറിയിക്കുകയായിരുന്നു.

prp

Leave a Reply

*