എറണാകുളം നഗരത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചി: എറണാകുളം നഗരത്തില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ഡിസംബര്‍ ഒന്ന് മുതല്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്ര നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ ഉടന്‍ നടപടികള്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.

ഡിസംബര്‍ ഒന്ന് മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാത്തവര്‍ വഴിയോര കച്ചവടം നടത്തുന്നില്ലെന്ന് കോര്‍പ്പറേഷന്‍ ഉറപ്പാക്കണം. വഴിയോര കച്ചവടം സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്ബ്യാരുടെ ഉത്തരവ്.

നവംബര്‍ 30 നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണം. അര്‍ഹരെന്ന് കണ്ടെത്തിയ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 176 അപേക്ഷകരെ കണ്ടെത്താനായില്ല. രണ്ടാം ഘട്ടത്തില്‍ അപേക്ഷ നല്‍കിയ 927 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനനുസരിച്ച്‌ അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

ഉത്തരവ് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. ഇതുവരെ അപേക്ഷ നല്‍കാത്ത പുനരധിവാസത്തിന് അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സിനുള്ള അപേക്ഷ ടൗണ്‍വേണ്ടിങ് കമ്മിറ്റി മുമ്ബാകെ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. ഇത്തരം അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം കമ്മിറ്റി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

prp

Leave a Reply

*