വാഷിങ്ടണ്‍: നിരന്തര സംഘര്‍ഷങ്ങളും പരസ്യമായ ഇസ്രായേല്‍ അനുകൂല നിലപാടുകളുമായി ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം നിലനിര്‍ത്തിയ ട്രംപ് യുഗത്തിനു ശേഷം പശ്ചിമേഷ്യയില്‍ നയംമാറ്റവുമായി ജോ ബൈഡന്റെ ബൈഡന്റെ യു.എസ്. ഇതിനകം മൂന്ന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മേഖലയില്‍നിന്ന് പിന്‍വലിച്ചുകഴിഞ്ഞതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍നിന്നാണ് ഒരു പാട്രിയറ്റ് പിന്‍വലിച്ചത്.
ഒരു വിമാനവാഹിനി യുദ്ധക്കപ്പലും നിരീക്ഷണ സംവിധാനങ്ങളും ഇതോടൊപ്പം പിന്‍വലിക്കുന്നുണ്ട്.
ലോകത്തൊട്ടുക്കുമുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ ആവശ്യവും കരുത്തും പുനരവലോകനം നടത്തുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പെന്റഗണ്‍ പ്രഖ്യാപനം നടത്തിയിരുന്നു.
മേഖലയില്‍ അര ലക്ഷത്തോളം യു.എസ് സൈനികരാണ് വിവിധ രാജ്യങ്ങളിലും കടലുകളിലുമായി നിലയുറപ്പിച്ചിട്ടുള്ളത്. യു.എസ്- ഇറാന് സംഘര്‍ഷം മുര്ധന്യത്തിലായിരുന്ന 2018ല്‍ 90,000 ആയിരുന്നതാണ് മൂന്നുവര്‍ഷത്തിനിടെ പകുതിയോളമായി കുറഞ്ഞത്.
മേഖല എണ്ണ സമൃദ്ധമായി തുടരുകയും ആഗോള തലത്തില്‍ എണ്ണയുടെ ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ കൂടി കണക്കിലെടുത്ത് യു.എസ് സൈനിക സാന്നിധ്യം നിലനില്‍ക്കുമെന്നുറപ്പ്. എന്നാല്‍, സംഘര്‍ഷ സാധ്യത കുറയുന്നതും ട്രംപില്‍നിന്ന് വ്യത്യസ്തമായി ജോ ബൈഡന് നിലപാട് മയപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൈനിക സംവിധാനങ്ങള്‍ കുറക്കുന്നതിലേക്ക് നയിച്ചത്. അസംസ്കൃത എണ്ണ നിക്ഷേപത്തിന്റെ പകുതിയിലേറെയും പ്രകൃതി വാതകത്തിന്റെ 41 ശതമാനവും ഈ മേഖലയിലാണ്.