വാളയാറിലെ അമ്മ പിണറായിക്കെതിരെ ധര്‍മടത്ത്​ മത്സരിക്കും

തൃശൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നീതിയാത്ര നിറുത്തിവെച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കും. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ്​ അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്​. മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയും എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ്​ താന്‍ മത്സരിക്കുന്നത്​. മക്കള്‍ക്ക് നീതിതേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാറിലെ അമ്മ. കാസര്‍കോട്​ നിന്നാരംഭിച്ച ജാഥ തൃശൂരില്‍ അവസാനിപ്പിച്ചു.

നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ്​​ ധര്‍മടത്ത്​ തന്നെ മത്സരിക്കുന്നത്​. നീതിക്ക്​ വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. അന്വേഷണത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയവര്‍ക്ക്​ സ്ഥാനക്കയറ്റം കൊടുക്കുകയാണ്​ ചെയ്​തത്​. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിത്.

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ ഇല്ല.സംഘ്പരിവാര്‍ ഒഴികെ ആര് പിന്തുണച്ചാലും സ്വീകരിക്കും. യു.ഡി.എഫ്​ അടക്കമുള്ള മതേതരപാര്‍ട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങള്‍ എന്‍റെ മുഖം മറയ്​ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരും. ധര്‍മടത്ത് പരാജയപ്പെട്ടാലും ജയിച്ചാലും നീതിയ്ക്കായുള്ള സമരം അവസാനിപ്പിക്കില്ല. എല്‍.ഡി.എഫിന് തുടര്‍ഭരണമുണ്ടായാലും യു.ഡി.എഫ് ഭരിച്ചാലും സമര രീതിയില്‍ മാറ്റം വരുത്തില്ല.

കേരള യാത്ര ധര്‍മടത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കുറേ അമ്മമാര്‍ എത്തിയിരുന്നു. അവര്‍ക്ക് ഒരു കത്ത് നല്‍കി. ധര്‍മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കള്‍ക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നല്‍കിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നിരവധി അമ്മമാര്‍ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂടാ എന്ന് അവര്‍ തന്നോട് ചോദിച്ചു. തുടര്‍ന്ന് സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വാളയാര്‍ കേസില്‍ ആറാമനുണ്ടെന്ന് സംശയിക്കുന്നതായി സമര സമിതി രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് വന്നിട്ടും പൊലീസ് സംഘം നാല് തവണ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്തത് ദുരൂഹമാണ്. തുടരന്വേഷണമാണോ പുനരന്വേഷണമാണോ നടത്തേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

prp

Leave a Reply

*