മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാംഘട്ട വാണിജ്യപ്രവര്ത്തനങ്ങള്ക്കുള്ള അനുമതി നിലവില്വന്നു.സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം ചൊവ്വാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വാണിജ്യപ്രവര്ത്തനങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ചൊവ്വാഴ്ച മുതല്തന്നെ തീരുമാനം പ്രാബല്യത്തിലാവുകയും ചെയ്തു. ഇതുപ്രകാരം സിനിമ തിയറ്ററുകളും പാര്ക്കുകളും പൊതുസ്ഥലങ്ങളും തുറന്നു.
കഴിഞ്ഞ എട്ടുമാസമായി പാര്ക്കുകളും സിനിമ തിയറ്ററുകളും അടഞ്ഞുകിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് ചൊവ്വാഴ്ച മുതല് പ്രവേശനാനുമതി നല്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്ന്ന് ഒക്ടോബര് ആദ്യത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതര് വിലക്കിയത്. 12 വയസ്സില് താഴെയുള്ള കുട്ടികള്ക്ക് ഷോപ്പിങ് മാളുകളില് പ്രവേശനാനുമതി നല്കിയതാണ് പ്രധാന തീരുമാനം. മവേല പഴം-പച്ചക്കറി മാര്ക്കറ്റിലെ ചില്ലറവില്പന പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ഫുഡ്കോര്ട്ടുകള്ക്കും പ്രവര്ത്തനാനുമതി ലഭിച്ചു. എക്സിബിഷനുകളും സമ്മേളനങ്ങളും മുന്കരുതല് നടപടികള് പാലിച്ച് നടത്തുകയും ചെയ്യാം.
ഹെല്ത്ത് ക്ലബ്, കിന്റര്ഗാര്ട്ടന്, നഴ്സറികള് എന്നിവക്കും പ്രവര്ത്തനാനുമതി നല്കി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. കാണികളെ പ്രവേശിപ്പിക്കാതെ കായികമത്സരങ്ങള് നടത്താവുന്നതാണ്.
ബൗളിങ് സെന്ററുകള്, ബ്യൂട്ടി സലൂണുകളിലെ രണ്ടാംഘട്ട സേവനങ്ങള്, വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ട്രയല് റൂം തുറക്കല്, മാളുകളിലെ വിനോദസ്ഥലങ്ങള്, ക്യാമ്ബിങ് സാധനങ്ങള് വാടകക്ക് നല്കുന്ന കടകള്, പുനരധിവാസ കേന്ദ്രങ്ങള് എന്നിവയും പുതുതായി അനുമതി ലഭിച്ചവയില് ഉള്പ്പെടും. വെഡിങ് ഹാളുകളും തുറക്കാം. പരമാവധി 50 പേര്ക്ക് മാത്രമാണ് ഇവിടെ നടക്കുന്ന പരിപാടികള്ക്ക് പ്രവേശനം അനുവദിക്കാന് പാടുള്ളൂ. മാളുകളിലെ പാര്ക്കിങ് സ്ഥലങ്ങള് ഇനി പൂര്ണമായി വിനിയോഗിക്കുകയും ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ടലുകള്ക്കും ടൂറിസം കമ്ബനികള്ക്കും കീഴില് സംഘമായി വരുന്ന സഞ്ചാരികള്ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.

