പന്തളം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്ന് ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്. ഇതിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയെ തുടര്‍ന്നാണ് പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കിയ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പണമിടപാട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നിട്ടും 12 ദിവസം പൊലീസ് വൈകിപ്പിച്ചു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് അടുത്ത വര്‍ഷം മുതല്‍ ആചാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. ദേവസ്വം ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
തന്ത്രിയും പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും ഭക്തജന സംഘടനകളുമാണ് ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍, നടപടികളെല്ലാം ഏകപക്ഷീയമാണ്. ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

