കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡരികിലാണ് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.
മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. നഗരത്തിലെ ഇടുങ്ങിയ വഴിയിലായതുകൊണ്ടു തന്നെ ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയില്‍ പെട്ടതും വൈകിയാണ്.
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്. ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്ജെഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. സിസിലി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞുതും സംഭവ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതും.
മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നില്ക്കുന്നതും കണ്ടവരുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
