കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സംസ്ഥാനവും കൊച്ചിയും ഒരുങ്ങി. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചെ വരെ നീളുന്ന ആഘോഷങ്ങളോടെയാണ് കൊച്ചി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. കൊച്ചിന്‍ കാര്‍ണിവലിന്‍റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങള്‍ രാത്രി ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെത്തും. അര്‍ധരാത്രി പാപ്പാഞ്ഞിക്ക് തീകൊളുത്തിയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
ഐ. ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷയൊരുക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന പരിശോധനകളുണ്ടാകും. വൈകിട്ട് ആറിനുശേഷം പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് പശ്ചിമകൊച്ചിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എക്‌സൈസ് സംഘവും അഗ്‌നിശമന സേനയും രംഗത്തുണ്ടാവും. തീരദേശ പൊലീസ് സേനയുടെ ബോട്ടുകള്‍ കടലില്‍ നിരീക്ഷണം നടത്തും. പുതുവല്‍സരാഘോഷം കണക്കിലെടുത്ത് രാത്രി ഒരുമണിവരെ കൊച്ചി മെട്രോ സര്‍വീസ് നടത്തും. മുപ്പത് സ്വകാര്യ ബസുകളും നഗരത്തില്‍ രാത്രി സര്‍വീസ് നടത്തും

