ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ‘പ്രേതം 2’ വിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഞാനുണ്ടിവിടെ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിതിന്‍ രാജ് ആണ്. ആനന്ദ് മധുസുദനന്റെ വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നതും ആനന്ദ് തന്നെയാണ്.
2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2 . വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍. ദുര്‍ഗ കൃഷ്ണ, സാനിയ അയ്യപ്പന്, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
പ്രേതം എന്ന ചിത്രത്തിലെ മെന്റലിസ്റ്റ് ഡോണ്‍ ബോസ്കോ എന്ന കഥാപാത്രം അതുവരെ ജയസൂര്യ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു. അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ജി പി, പേര്‍ളി മാണി എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്, ധര്മജന് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന പ്രേതം മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന് വസ്ത്രാലങ്കാരം ചെയ്തത്.
പത്ത് സിനിമകളാണ് ഇതുവരെ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നതെങ്കില്‍ അതില്‍ അഞ്ച് സിനിമകളിലെ നായകന് ജയസൂര്യയായിരുന്നു. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ഇരുവരും ഒന്നിച്ച ‘പുണ്യാളന് അഗര്‍ബത്തീസ് ‘എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം’ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്’ ആദ്യഭാഗം പോലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പ്രേതം എന്ന ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രേതം തെലുങ്കിലേക്ക് റീമേക് ചെയ്തപ്പോള്‍ നാഗാര്‍ജുന ആയിരുന്നു നായകന്.