ചെന്നൈ: ഏഴു വയസ്സുകാരിയെ പട്ടിക്കുട്ടിയെ നല്‍കാമെന്ന് പറഞ്ഞ് ഫളാറ്റിലേക്ക് ക്ഷണിച്ച ശേഷം ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയായ ഐടി ഉദ്യോഗസ്ഥന് വധ ശിക്ഷ വിധിച്ചു ചെന്നൈ ഹൈക്കോടതി.
ഐ.ടി ഉദ്യോഗസ്ഥനായ ദഷ്വന്തി(23)നു ചെങ്കല്‍പേട്ട് മഹിളാ കോടതി വിധിച്ച വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചത്. കീഴക്കോടതി വിധിയ്‌ക്കെതിരായി പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ എസ്. വിമല, രാമതിലകം എന്നിവര്‍ വധശിക്ഷ ശരിവെച്ചത്. സ്വന്തം അമ്മയെ കൊന്ന കേസിലെ പ്രതിയാണു ദഷ്വന്ത്. നിര്‍ഭയ കേസിനോട് ഉപമിച്ചാണു കീഴ്‌ക്കോടതി ജഡ്ജി പി.വേല്‍മുരുഗന്‍ ഈ വര്‍ഷം ഫെബ്രുവരി 19നു ദഷ്വന്തിനെ തൂക്കിലേറ്റാന്‍ വിധിച്ചത്. നിര്‍ഭയ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ഒരു ദിവസത്തിനുശേഷമാണ് ദഷ്വന്തിന്‍റെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിന്, മുഗളിവാക്കത്തെ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഏഴ് വയസ്സുകാരിയെ പട്ടിക്കുട്ടിയെ നല്‍കാമെന്നു പറഞ്ഞു ദഷ്വന്ത് സ്വന്തം ഫ്‌ളാറ്റിലേക്കു ക്ഷണിച്ചു കൊലപ്പെടുത്തിയത്. ഫ്‌ളാറ്റിലെത്തിയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നശേഷം മൃതദേഹം ഒരു ട്രാവല്‍ ബാഗിലാക്കി സമീപത്തുള്ള ഹൈവേയില്‍ ഇട്ട് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസിനു ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു ട്രാവല്‍ ബാഗുമായി രാത്രി ദഷ്വന്ത് പുറത്തുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത പൊലീസിനോടു ദഷ്വന്ത് കുറ്റം സമ്മതിച്ചത്.
ഗുണ്ടാ ആക്‌ട് ഉള്‍പ്പെടെ ചുമത്തി ഇയാളെ പുഴല്‍ ജയിലില്‍ അടച്ചു. മൂന്നു മാസത്തിനുള്ളില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നു കാട്ടി ദഷ്വന്തിന്റെ പിതാവ് കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നു ദഷ്വന്ത് ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു കേസിലെ വിചാരണ ചെങ്കല്‍പേട്ട് മഹിളാ കോടതിയില്‍ ആരംഭിച്ചത്.
വിദേശത്തു പോകേണ്ടതിനാല്‍ വിചാരണ നീട്ടിവയ്ക്കണമെന്നു ദഷ്വന്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ ആരംഭിച്ചപ്പോള്‍ത്തന്നെ കുട്ടിയെ താനാണു കൊലപ്പെടുത്തിയതെന്നും, വിചാരണയുടെ ആവശ്യമില്ലെന്നും കാട്ടി ദഷ്വന്ത് കോടതിക്കു കത്തു നല്‍കി. കോടതി നടപടികള്‍ ഒഴിവാക്കാനുള്ള പ്രതിയുടെ ശ്രമത്തിനെതിരെ ജഡ്ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയിരുന്നു.
ദഷ്വന്തിന്‍റെ അമ്മ സരളയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനു വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയശേഷം ദഷ്വന്ത് സ്വര്‍ണവും പണവുമായി മുംബൈയിലേക്കു കടന്നതായാണു പൊലീസ് കേസ്. മുംബൈയിലെ ചെമ്ബൂരില്‍ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നു പ്രത്യേക പൊലീസ് സംഘം ഇയാളെ പിടികൂടി. ചെന്നൈയിലേക്കു വരുന്നതിനു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശുചിമുറിയിലേക്കെന്നു പറഞ്ഞു പോയ ദഷ്വന്ത് പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞു. പിന്നീട് മുംബൈ പൊലീസിന്‍റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

