ന്യൂഡല്‍ഹി: അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന് എം പി നടത്തിയ ഇടപെടല്‍ ഫലം കണ്ടു. കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സപ്രസിന് കേരളത്തില്‍ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ ഉത്തരവ്.
കാസര്‍കോടും ആലപ്പുഴയുമാണ് പുതുതായി അനുവദിച്ച സ്റ്റോപ്പുകള്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച വിവരം റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ പി കരുണാകരന് എംപിയെ കത്ത് മുഖേന അറിയിച്ചു.
കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും പി കരുണാകരന് എം പി നിവേദനം നല്‍കിയിരുന്നു. എം പിയുടെ ഈ നിവേദനം പരിഗണിച്ചാണ് രണ്ടു സ്റ്റോപ്പുകള്‍ അനുവദിക്കുന്നതെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ കരുണാകരന് എംപിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

