ദുബായ്:ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടില്‍ ലോക ഹാപ്പിനെസ് ഡേയില്‍ (മാര്‍ച്ച് 20) യാത്രക്കാരുടെ പാസ്സ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് ഹാപ്പിനെസ് സ്റ്റാമ്പുകള്‍.
ഇന്നലെ ദുബായിലെ എല്ലാം എയര്‍പോര്‍ട്ടിലും പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രയാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഹാപ്പിനെസ് ഡേയില്‍ ദുബായില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടിലും ഹത്ത അതിര്‍ത്തിയിലും വിപുലമായ പരിപാടികളാണ് ജിഡിആര്‍എഫ്‌എ ദുബായ്( ദുബായ് എമിഗ്രേഷന്‍) ഒരുക്കിയിരുന്നത്.
ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടിലുടെയും ഹത്ത അതിര്‍ത്തിയിലുടെയും ദുബായിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഈ ദിനത്തില്‍ നല്‍കിയത്. വകുപ്പിന്‍റെ ലോക ഹാപ്പിനെസ് സന്ദേശ കാര്‍ഡും, മധുരപലഹാരങ്ങളും, വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കി കൊണ്ടാണ് വകുപ്പ് യാത്രക്കാരെ ദുബായിലേക്ക് വരവേറ്റത്.
ദുബായ് എയര്‍പോര്‍ട്ടിലെ ഒരേ പാസ്പോര്‍ട്ട് ചെക്കിംഗ് കൗണ്ടറിലും സന്തോഷ ദിനത്തിന്‍റെ വരവറിയിക്കുന്ന സന്തോഷ മുദ്രകളും പതിപ്പിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയ ഒരോ യാത്രക്കാര്‍ക്കും സന്തോഷത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഈ ദിനത്തില്‍ സമ്മാനിച്ചത്.

