തിരുവനന്തപുരം: ഇരുപതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാമദാസനും രജനിയ്ക്കും പ്രണയസാഫല്യം. സിനിമയിലെ പ്രണയ കഥ പോലും ഇവരുടെ പ്രണയകഥയ്ക്ക് മുന്നില്‍ തോറ്റുപോകും. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം മൂളാന്‍ 20 വര്‍ഷം വേണ്ടി വന്നു. ഒടുവില്‍ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മാംഗല്യഹാരം.
1996 ജൂലായില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റുമാരായാണ് ഇരുവരും ജോലിയില്‍ കയറുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെത്താമസിയാതെ ഇരുവരും ഇഷ്ടത്തിലായി. പതിവുപോലെ തന്നെ സമുദായവും ജാതിയുമെല്ലാം തടസ്സമായപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തുണച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് വിവാഹമെന്ന സ്വപ്നത്തിന് മങ്ങലേല്‍പ്പിച്ചു. വിവാഹത്തിന് വീട്ടുകാരുടെ എതിര്‍പ്പ് തടസ്സമായപ്പോള്‍ ഇരുവരും കാത്തിരുന്നു.
ഇതിനിടയില്‍ കുടുംബപരമായ ബാദ്ധ്യതകളെല്ലാം ഇരുവരും ഏറെക്കുറെ നിറവേറ്റി. കാലം കടന്നുപോയതോടെ വീട്ടുകാരുടെ നിലപാടുകളിലും മാറ്റം വന്നു തുടങ്ങി. ഒടുവില്‍ അസാധാരണ പ്രണയകഥയറിഞ്ഞ സ്പീക്കറുടെ നിര്‍ബ്ബന്ധം കൂടിയായതോടെ ഒടുവില്‍ ഇരുവരും ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.
അങ്ങനെ വ്യാഴാഴ്ച ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുട്ടുവേദനയ്ക്ക് ചികിത്സയില്‍ ആയിരുന്ന സ്പീക്കറും തലസ്ഥാനത്ത് വന്നെത്തി. വ്യാഴാഴ്ച അച്ഛ യും അമ്മയുടെയും കൈപിടിച്ചാണ് രജനി കതിര്‍മണ്ഡപത്തില്‍ എത്തിയത്. വരണമാല്യം എടുത്തു നല്‍കിയത് സ്പീക്കറായിരുന്നു.

