കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭാ കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സില്‍ തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്. തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവര്‍ത്തനാനുമതി തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. തീയറ്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
തിയേറ്റര്‍ അടച്ചു പൂട്ടിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്ന വാദം കോടതി അംഗീകരിച്ചു. നഗര സഭാ സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നഗര സഭാ സെക്രട്ടറിയുടെ അധികാര പരിധിയില്‍ പെട്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി ഡി സിനിമാസിനുണ്ടെന്നും കോടതി വ്യക്തമാക്കി.
