കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാന്‍ 23 പുതിയ നായകള്‍ കൂടെ. തൃശൂരില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഇവര്‍ സേനയുടെ ഭാഗമായി.
9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.
ബെല്‍ജിയം മാലിനോയ്സ് , ജര്‍മ്മന്‍ ഷെപേഡ് , ഗോള്‍ഡന്‍ റിട്രീവര്‍ , ഡോബര്മാന് , ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട നായ്കളാണ് പരിശീലനം പൂര്‍ത്തിയാക്കി പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചില്‍ നിന്നുമുള്ളവരാണ് ഇവര്‍. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങള്‍ സ്വന്തമാക്കിയ കഴിവുകള്‍ ശ്വാനന്മാര് പരേഡ് ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കള്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കള്‍ക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേര് മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കില്‍ , ദുരന്ത പ്രദേശങ്ങളില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനമാണ് ഒരു നായക്ക് നല്‍കിയത് . നായ്ക്കളുടെ 46 ഹാന്‍ഡ്ലര്‍മാരും സേനയുടെ ഭാഗമാകും. പാസിങ് ഔട്ട് പരേഡില്‍ DGP അനില്‍കാന്ത് അഭിവാദ്യം സ്വീകരിച്ചു മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച ശ്വാനന്മാര്ക്ക് DGP മെഡലുകളും സമ്മാനിച്ചു.

