7000 കിലോമീ‌റ്റര്‍ ഒരു സ്‌റ്റോപ് മാത്രം; പൂര്‍ണ ആയുധ സജ്ജമായി റഫാല്‍ എത്തുന്നു


ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ചൈനീസ്, പാകിസ്ഥാന്‍ ഭീഷണികളെ ഇനി ഭാരതത്തിന് ഫലപ്രദമായി നേരിടാം. 7.87 ബില്യണ്‍ യൂറോയുടെ ഫ്രാന്‍സുമായുള‌ള കരാര്‍ പ്രകാരമുള‌ള 36 ഡസാള്‍ റഫാല്‍ വിമാനങ്ങളില്‍ പൂര്‍ണസജ്ജമായ അഞ്ചെണ്ണം ഉടന്‍ ഇന്ത്യയിലെത്തും. ഫ്രാന്‍സിലെ മെറിഗ്‌നാക് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഈ അഞ്ച് വിമാനങ്ങള്‍ 29ന് അംബാലയിലെ എയര്‍ ബേസില്‍ വന്നിറങ്ങും.

തയ്യാറായ വിമാനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വി‌റ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണത്തിലെ പുതിയൊരു അദ്ധ്യായം എന്ന പേരിലാണ് ചിത്രം പോസ്‌റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലേക്കുള‌ള 7000 കിലോമീ‌റ്ററിനിടെ ഒരേയൊരു സ്‌റ്റോപ് മാത്രമാകും വിമാനങ്ങള്‍ക്കുണ്ടാകുക. യു എ ഇയിലാണത്. പറക്കലിനിടെ ആകാശത്ത് തന്നെ ഇന്ധനം നിറക്കുകയും ചെയ്യും.

അംബാലയില്‍ വിമാനങ്ങളെത്തുന്നതോടെ രാജ്യത്തെ വായുസേനയുടെ ഭാഗമാകും വിമാനങ്ങള്‍. ഇവ എത്തുന്ന ദിനം മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും ആഗസ്‌റ്റ് 20 ന് നടക്കുന്ന ചടങ്ങിന് മാദ്ധ്യമങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് വായുസേന അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനങ്ങള്‍ പുറപ്പെടും മുന്‍പ് ഇന്ത്യയുടെ ഫ്രഞ്ച് അംബാസിഡര്‍ ജാവേദ് അഷറഫ് പൈല‌റ്റുമാരെ സന്ദര്‍ശിച്ചിരുന്നു. പൂര്‍ണ യുദ്ധസജ്ജമായ സംവിധാനങ്ങളുള‌ള ഒരു വിമാനത്തിന് 1670 കോടിയാണ് വില.

മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 126 റഫാല്‍ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. പിന്നീട് ഇത് റദ്ദാക്കി മോദി സര്‍ക്കാര്‍ പൂര്‍ണ ആയുധ സജ്ജമായ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 59000 കോടിയുടെയായിരുന്നു ഈ കരാര്‍. കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ ഇതില്‍ ആദ്യത്തെ വിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സില്‍ നിന്നും ഏ‌റ്റുവാങ്ങി. വായുവില്‍ നിന്ന് വായുവിലേക്കും വായുവില്‍ നിന്ന് കരയിലേക്കും ദ്രുതഗതിയില്‍ ആക്രമിക്കാനുള‌ള ശേഷിയും ലഡാക്ക് പോലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും പറന്നുയരാനുമെല്ലാമുള‌ള കഴിവ് റഫാല്‍ വിമാനങ്ങള്‍ക്കുണ്ട്.

prp

Leave a Reply

*