കോഴിക്കോട്: പോലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെറുവണ്ണൂര്‍ ബി.സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്‌ണുവാണ് (28) മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഒമ്ബത് മണിയോടെയാണ് നല്ലളം പോലീസ് വീട്ടില്‍ എത്തി ജിഷ്‌ണുവിനെ കൂട്ടികൊണ്ടു പോയത്.
വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈന്‍ 500രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോലീസ് ജിഷ്ണുവിനെ ഇറക്കിക്കൊണ്ടുപോയത്. മഫ്തിയിലാണ് രണ്ട് പൊലീസുകാരും എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.
രാത്രി 9.30ഓടെ വഴിയരികില്‍ അത്യാസന്ന നിലയില്‍ കണ്ട ജിഷ്‌ണുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബന്ധുക്കളെയും ഇവര്‍തന്നെയാണ് വിവരം അറിയിച്ചത്. കസ്‌റ്റഡിയില്‍ എടുക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍, ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജിഷ്‌ണു വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു എന്നാണ് പോലീസിന്‍റെ വിശദീകരണം.
സംഭവത്തില്‍ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. അതേസമയം, മരിച്ച ജിഷ്ണുവിന്റെ പേരില്‍ പെറ്റി കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കല്‍പ്പറ്റ പോലീസ് അറിയിച്ചത്.

